indian-arrest

യുവതിയെ ആക്രമിച്ചതിനും മൂന്ന് വയസുള്ള അവരുടെ കുഞ്ഞിനെ കടിച്ചതിനും ഇന്ത്യന്‍ പൗരന്‍ യുഎസില്‍ അറസ്റ്റില്‍. 24 വയസുകാരന്‍ അഥര്‍വ വ്യാസാണ് യുവതിയുടെ പരാതിയില്‍  അറസ്റ്റിലായത്.  അമേരിക്കയില്‍ നിയമം ലംഘിച്ച് താമസിക്കുന്ന വിദേശപൗരനായതിനാല്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ (ICE) പിടിയിലാണ് യുവാവ്. 2023ല്‍ സ്റ്റൂഡന്‍റ് വിസയിലാണ് യുവാവ് യുഎസില്‍ എത്തുന്നത്.   കോളജില്‍ വച്ച് മറ്റൊരു വിദ്യാര്‍ഥിയെ ആക്രമിച്ചതിലും ഇയാള്‍ക്കെതിരെ കേസുണ്ട് .ഈ കേസിനെ തുടര്‍ന്ന് 2025ല്‍ യുവാവിന്‍റെ സ്റ്റൂഡന്‍റ് വീസ പിന്‍വലിച്ചിരുന്നു. അന്ന് തൊട്ട് മുങ്ങി നടക്കുകയാണ് യുവാവ്.

ടെക്സാസിലെ സാന്‍ ആന്‍റോണിയോ പാര്‍ക്കില്‍ വച്ചാണ് അഥര്‍വ അമ്മയെയും കുഞ്ഞിനെയും ആക്രമിച്ചത്. യുവതിയുമായി   തര്‍ക്കത്തിലായ യുവാവ് അവരെ ആക്രമിക്കാനും മുടിയില്‍ പിടിച്ച്  വലിക്കാനും തുടങ്ങി. യുവതിയുടെ കയ്യിലുണ്ടായിരുന്ന മൂന്നുവയസുകാരി മകള്‍ പിടിവലിക്കിടെ നിലത്ത് വീണു. ഇതോടെ യുവാവ് കുട്ടിയെ ആക്രമിക്കാന്‍ തുടങ്ങി. യുവാവ് കുഞ്ഞിനെ ഉപദ്രവിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടിയുടെ രണ്ട് പല്ലുകള്‍ അടര്‍ന്നുപോയിട്ടുണ്ട്. ഇത് കൂടാതെ കുട്ടിയുടെ ശരീരത്തില്‍ കടിച്ച പാടുകളുമുണ്ട്.

സംഭവത്തിന് പിന്നാലെ ഏപ്രില്‍ 18ന് യുവാവിനെ സാന്‍ ആന്‍റോണിയോ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിന്‍റെ കേസ് റെക്കോഡ് പരിശോധിച്ച പൊലീസിന് ഇയാള്‍ അനധികൃത കുടിയേറ്റക്കാരനാണെന്ന് വ്യക്തമാകുകയും യുവാവിനെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റിന് കൈമാറുകയായിരുന്നു. മുന്‍പ് ആക്രമണത്തിന് കേസെടുത്തിട്ടും യുവാവിനെ വെറുതെ വിട്ട ബൈഡന്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.

ENGLISH SUMMARY:

An Indian citizen has been arrested in the US for assaulting a woman and biting her three-year-old child. The arrest of 24-year-old Atharva Vyas follows a complaint filed by the woman after a dispute in a San Antonio park.