പ്രണയം കൂടുമ്പോള്‍ പങ്കാളിയോട് ചങ്ക് പറിച്ചുതരാമെന്നെല്ലാം പറയുന്നത് കാമുകന്‍മാരുടെയും കാമുകിമാരുടെയും എല്ലാം സ്ഥിരം ഏര്‍പ്പാടാണ്. എന്നാല്‍ ചങ്ക് പറിച്ചുനല്‍കി പ്രണയം പൊട്ടിയാല്‍ അത് തിരിച്ചുചോദിക്കാനാകുമോ. പോയ വാക്ക് പോട്ടെ എന്ന് വയ്ക്കും അല്ലെ. എന്നാല്‍ ഭാര്യയ്ക്ക് നല്‍കിയ കിഡ്നി വിവാഹബന്ധം വേര്‍പ്പെടുന്നതിനിടെ തിരികെ ചോദിച്ച ഒരു ഭര്‍ത്താവിന്‍റെ വാര്‍ത്തയാണ് യുഎസില്‍ നിന്നും പുറത്തുവരുന്നത്.
ന്യൂയോര്‍ക്ക് ലോങ് ഐലന്‍ഡിലെ ഒരു ഡോക്ടറാണ് റിച്ചാര്‍ഡ് ബാരിസ്റ്റ. വെറും ഡോക്ടറല്ല സര്‍ജന്‍. 2001ല്‍ തന്‍റെ ഭാര്യയ്ക്ക് റിച്ചാര്‍ഡ് കിഡ്നി ദാനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈയിടെയായി ഭാര്യയുമായി റിച്ചാര്‍ഡ് അത്ര സുഖത്തിലായിരുന്നില്ല.
ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുക എന്ന തീരുമാനത്തില്‍ ഇരുപങ്കാളികളും എത്തി. എന്നാല്‍ കോടതിയിലെത്തിയ റിച്ചാര്‍ഡിന്‍റെ വാദം കേട്ട് റിച്ചാര്‍ഡിന്‍റെ പങ്കാളിയും കോടതിയും ഒന്നടങ്കം അന്തംവിട്ടു. ഒന്നുകില്‍ 1.5 മില്യണ്‍ ഡോളര്‍ തരണം അല്ലെങ്കില്‍ താന്‍ നല്‍കിയ കിഡ്നി തിരികെ തരണം.
റിച്ചാര്‍ഡിന്‍റെ വാദം കേട്ട കോടതി ഇത് തള്ളി. കിഡ്നി ഒരു സമ്മാനമായിരുന്നു ആയതിനാല്‍ അത് തിരിച്ചെടുക്കുവാനോ അതിന്‍റെ വില കണക്കാക്കാനോ കഴിയില്ലെന്നായിരുന്നു കോടതിയുടെ വാദം. കോടതിയില്‍ ഉണ്ടായിരുന്ന മറ്റ് ആരോഗ്യമേഖലയിലെ വിദഗ്ധരും റിച്ചാര്‍ഡിന്‍റെ വാദം മണ്ടത്തരമാണെന്ന് നിരീക്ഷിച്ചു. മാത്രമല്ല അവയവങ്ങളുടെ വില്‍പ്പന നിരോധിതമായ രാജ്യത്തില്‍ കിഡ്നിക്ക് വില വാങ്ങിയാല്‍ റിച്ചാര്‍ഡ് കുറ്റക്കാരനാകുമെന്നും കോടതി വ്യക്തമാക്കി. ഇതോടെ റിച്ചാര്‍ഡ് തന്‍റെ വാദത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.