ഇറാന്‍റെ പുതിയ നേതാവ് മൊജ്താബ ഖമനയിയുടെ പ്രധാന സാമ്പത്തിക സഹായിയടക്കം 14 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി യുഎസ്. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്‍ ടെഹ്‌റാൻ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെയാണ് നടപടി. ധാരണാപത്രം ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാനിയൻ ബാങ്കറും വ്യവസായിയുമായ അലി അൻസാരിയാണ് ഉപരോധം നേരിടുന്നവരിൽ പ്രമുഖൻ. ഇറാന്‍റെ റെവല്യൂഷണറി ഗാർഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിന് ബ്രിട്ടൻ മുൻപ് അൻസാരിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. മൂന്ന് എക്സ്ചേഞ്ച് ഹൗസുകളുമായി ബന്ധപ്പെട്ട ഇറാനിയൻ പൗരന്മാർക്കെതിരെയും ഒഎഫ്‌എസി നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ എക്സ്ചേഞ്ച് ഹൗസുകൾക്ക് വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തിയ ഹോങ്കോങ് ആസ്ഥാനമായുള്ള സിഡിഎം ട്രേഡിങ് ലിമിറ്റഡ്, യുഎഇ ആസ്ഥാനമായുള്ള നബ അൽസാക്കി റോ മെറ്റീരിയൽസ് ട്രേഡിങ് എൽഎൽസി എന്നിവയും ഉപരോധ പട്ടികയിലുണ്ട്.
ഇറാനിലെ ഭരണവർഗത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കാൻ നിർണായകമായ നടപടിയാണ് യുഎസ് സ്വീകരിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു. ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചെന്നും എന്നാൽ ഇറാന്‍റെ അഭ്യർഥനപ്രകാരം ചർച്ചകൾ തുടരാൻ വാഷിംഗ്ടൺ സമ്മതിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.
കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രം യുഎസ് ലംഘിച്ചാൽ സർവ സന്നാഹങ്ങളോടെയുള്ള പ്രതിരോധത്തിന്' തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. ടെഹ്‌റാന്‍റെ കീഴടങ്ങലിൽ യുദ്ധം അവസാനിക്കില്ലെന്ന് ഇറാന്‍റെ മുഖ്യ മധ്യസ്ഥൻ മുഹമ്മദ് ബാഖർ ഖാലിബാഫ് ടെലിഗ്രാമിൽ കുറിച്ചു.