വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ മോശം പെരുമാറ്റവും രീതികളും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇത്തവണ ബാലിയില്‍ നിന്നാണ് നാണക്കേടുണ്ടാക്കുന്ന വിഡിയോ പ്രചരിക്കുന്നത്. ബാലിയിൽ വിനോദ സ‌ഞ്ചാരത്തിനായെത്തി, താമസിച്ച ആഡംബര റിസോർട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച നാല് ഇന്ത്യൻ വിനോദ സഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ പിടികൂടി. സഞ്ചാരികള്‍ ചെക്ക് ഔട്ട് ചെയ്യുന്നതിനിടെ ജീവനക്കാർ നടത്തിയ പരിശോധനയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

ഉബുദിലെ അശ്വര റിസോർട്ടിലാണ് സംഭവം. ഏപ്രില്‍ 16ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ മൂന്ന് പകലും രണ്ട് രാത്രിയ്ക്കുമായാണ് രണ്ട് മുറികൾ ബുക്ക് ചെയ്തത്. ഏപ്രിൽ 19 -ന് രാവിലെ അവർ ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങാൻ ശ്രമിക്കുമ്പോൾ സംശയം തോന്നിയ ജീവനക്കാർ ഇവരെ തടഞ്ഞു നിര്‍ത്തി ബാഗുകള്‍ പരിശോധിക്കുകയായിരുന്നു. 

വിഡിയോയില്‍ സഞ്ചാരികളുടെ ഒന്നിധികം ബാഗുകള്‍ പരിശോധിക്കുന്നത് കാണാം. പരിശോധനയിൽ ഇവരുടെ ബാഗുകളിൽ നിന്നും ബാത്ത് ടവലുകൾ, പൂൾ ടവലുകൾ, ഹെയർ ഡ്രയർ, കിമോണോ സ്റ്റൈൽ റോബുകൾ, ഒരു ഡോർമാറ്റ്, ഒരു ടിവി റിമോട്ട് ബോക്സ്,പാത്രങ്ങള്‍ സ്പൂണുകള്‍ എന്നി കണ്ടെടുത്തു. ഇവയെല്ലാം സമീപത്ത് തന്നെ നിരത്തി വച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം. ചുറ്റിനും മറ്റ് വിനോദ സഞ്ചാരികളും ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. പിന്നീട് മാനേജ്മെന്‍റ് വിഷയം കേസാക്കാതെ ഒത്തുതീര്‍പ്പാക്കി. എന്നാല്‍ പിന്നീട് വി‍ഡിയോ സമീഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.  ഇതോടെ ഇന്ത്യൻ വിനോദ സഞ്ചാരികൾക്കെതിരെ മറ്റ് രാജ്യങ്ങളിൽ ഉയരുന്ന വെറുപ്പിന് ഇത്തരം കാര്യങ്ങളും കാരണമാണെന്ന് നിരവധി കമന്‍റുകളും വരുന്നുണ്ട്. 

ENGLISH SUMMARY:

Indian tourists were caught stealing items from a luxury resort in Bali, leading to embarrassment and viral videos. This incident highlights growing concerns about the behavior of some Indian travelers abroad.