Image: X

ടിക് ടോക് ലൈവ് സ്ട്രീമിങ്ങിനിടെ പരസ്യമായി ചുംബിച്ചതിന് ഇന്തൊനേഷ്യയില്‍ യുവാവിനും യുവതിക്കും ചാട്ടവാറടി. വിവാഹിതരല്ലാത്ത ഇവർ പരസ്പരം ചുംബിച്ചത് ഇസ്‌ലാമിക നിയമങ്ങളുടെ ലംഘനമാണെന്ന് ഷരിയ കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്തോനേഷ്യയിലെ ആച്ചെയിലാണ് സംഭവം.

ഫെബ്രുവരി 27നാണ് ഇവർ കാറിലിരുന്ന് ചുംബിക്കുന്ന വിഡിയോ ടിക് ടോക്കിൽ വൈറലാകുന്നത്. തുടർന്ന് ഏപ്രിലില്‍ 22കാരനായ യുവാവും 25കാരിയായ യുവതിയും അറസ്റ്റിലായി. തുടര്‍ന്നാണ് ഇരുവര്‍‌ക്കും ചാട്ടവാറടി ശിക്ഷ വിധിക്കുന്നത്. ഇവരുടെ ടിക് ടോക്ക് ലൈവ് വിഡിയോ അടങ്ങിയ മൊബൈൽ ഫോണും യുഎസ്ബി ഡ്രൈവും കണ്ടുകെട്ടി നശിപ്പിക്കാനും ഉത്തരവിട്ടു. 25 തവണ ചാട്ടവാറടി ആയിരുന്നു ആദ്യം വിധിച്ചത്. എന്നാല്‍ നാല് മാസം ജയിൽവാസം അനുഭവിച്ചതിനാൽ ഇത് 21 ആക്കി കുറയ്ക്കുകയായിരുന്നു.

ബന്ദാ ആച്ചെയിലെ ബുസ്താനുസ്സലാത്തിൻ സിറ്റി പാർക്കില്‍ വെച്ച്, മുഖംമൂടി ധരിച്ചവരാണ് പരസ്യമായി ശിക്ഷ നടപ്പിലാക്കിയത്. ഏകദേശം നൂറോളം പേര്‍ ഈ ശിക്ഷാ നടപടിക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. അതേ ദിവസം തന്നെ ഓൺലൈൻ ചൂതാട്ടം, വ്യഭിചാരം എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായ മറ്റ് നാല് പേർക്കും സമാനമായ രീതിയിൽ പരസ്യമായി ചാട്ടവാറടി ശിക്ഷ നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, പരസ്യ ശിക്ഷാ നടപടിക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ ഇന്തൊനേഷ്യ രംഗത്തെത്തി. നടപടി ക്രൂരവും മനുഷ്യത്വഹീനവും മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്തോനേഷ്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഉസ്മാൻ ഹമീദ് പ്രതികരിച്ചു. ഇത്തരം പ്രവൃത്തികൾ അനുചിതമായി തോന്നാമെങ്കിലും, അതിന് ഇത്രയും ക്രൂരമായ ശിക്ഷ നൽകരുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്തൊനേഷ്യയിലെ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യകളിൽ ആച്ചെയിൽ മാത്രമാണ് ഇന്നും ഇസ്ലാമിക നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നത്. വ്യഭിചാരം, സ്വവർഗ്ഗരതി, ചൂതാട്ടം, മദ്യപാനം എന്നിവയ്ക്കും വസ്ത്രധാരണത്തിലെ അപാകതകൾക്കും ഇവിടെ ചാട്ടവാറടി ശിക്ഷ നൽകാറുണ്ട്. 100 ചാട്ടവാറടി വരെ ശിക്ഷ നൽകാൻ നിയമം അനുവദിക്കുന്നു. 2015 മുതൽ ഈ നിയമം പ്രവിശ്യയിലെ മുസ്ലീം അല്ലാത്തവർക്കും ബാധകമാണ്. 

ENGLISH SUMMARY:

An unmarried couple in Indonesia's conservative Aceh province received 21 lashes each after their TikTok kissing video went viral, sparking a global debate on human rights.