Image Credit : Twitter

രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഏകദേശം 40ഓളം സ്മാര്‍ട്ട് ഫോണുകളാണ് മൊബൈല്‍ കടയില്‍ നിന്നും കളളന്മാര്‍ കവര്‍ന്നത്. കവര്‍ച്ചാസംഘത്തില്‍ ഒരുവനാണ് മുഖം തിരിച്ചറിയാതിരിക്കാന്‍ പ്രധാനമന്ത്രിയുടെ മുഖം മൂടി ധരിച്ചത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ കരേഡയിലുളള മാതേശ്വരി മൊബൈല്‍ കടയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കടയുടമ ലക്ഷ്മൺ സെന്നിന്റെ മൊഴിയനുസരിച്ച്, ഗോവണിപ്പടിയിലെ പൂട്ട് തകർത്ത ശേഷം മേൽക്കൂരയിലൂടെ അകത്തുകടന്ന മോഷ്ടാക്കൾ ഏകദേശം 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന 35 മുതൽ 40 വരെ സ്മാർട്ട്ഫോണുകളുമായി കടന്നുകളയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം ലക്ഷ്മൺ സെൻ അറിഞ്ഞത്. കടയ്ക്കുള്ളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നുവെന്നും ലക്ഷ്മണ്‍ പൊലീസിനോട് പറഞ്ഞു.

കടയുടമയുടെ പരാതി ലഭിച്ചതിനെത്തുടർന്ന് കരേഡ പൊലീസ് സ്ഥലത്തെത്തി കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു. കടയ്ക്കുള്ളിലും പരിസരത്തും സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ചൊരാളെ മോഷണസംഘത്തിനൊപ്പം കണ്ടത്. അതേ രാത്രിയിൽ തന്നെ ബീജ് ഗോദം ചൗക്കിന് സമീപമുള്ള 'സൻവാരിയ മൊബൈൽ' എന്ന മറ്റൊരു മൊബൈൽ കടയിൽ കൂടി മോഷ്ടാക്കൾ കവർച്ചയ്ക്ക് ശ്രമിച്ചതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആ കടയിലെ സിസിടിവി ദൃശ്യങ്ങളിലും ഇതേ മാസ്ക് ധരിച്ച ആൾ കടയുടെ ഷട്ടർ ലോക്ക് തകർക്കാൻ ശ്രമിക്കുന്നത് കാണാം. തുടർന്ന് ഇവർ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ പൊലീസിനോട് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Narendra Modi mask robbery, a peculiar incident where thieves targeted a mobile shop in Rajasthan, is gaining attention. One of the culprits was seen wearing a mask of Prime Minister Narendra Modi, raising eyebrows and sparking widespread discussion.