ഇന്ന് രാജ്യത്ത് കാണുന്ന വികസനത്തിന് തെണ്ണൂറ് ശതമാനം കാരണവും കോണ്‍ഗ്രസ് ആണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനുശേഷം ഇന്ദിരാഭവനിൽ സംസാരിക്കവെയാണ് മല്ലികാർജുൻ ഖർഗെ ഇക്കാര്യം പറഞ്ഞത്. പേരുകൾ മാറ്റുകയല്ല, മറിച്ച് ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും എന്നാല്‍ ചിലയാളുകള്‍ അതിന്റെ ക്രെഡിറ്റ് എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി രാജ്യത്തിന്‍റെ നാനാ ഭാഗത്തുള്ള വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണ്. എന്നാല്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ അത്തരത്തിലുള്ള ഒന്നും തന്നെ രാജ്യത്ത് കൊണ്ടുവന്നില്ലെങ്കിലും ക്രെഡിറ്റെടുക്കുന്നതില്‍ മുന്നിലുണ്ടെന്നും ഖര്‍ഗെ വിമര്‍ശിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുകയാണെന്നും പാർലമെന്റിൽ ചോദ്യങ്ങൾ ഒഴിവാക്കുകയാണെന്നും നയങ്ങളിലൂടെ യുവാക്കളെ പ്രതിഷേധത്തിലേക്ക് തള്ളിവിടുകയാണെന്നും ഖർഗെ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശമാണെന്നും അവകാശങ്ങൾക്കായി പോരാടുന്ന വിദ്യാർത്ഥികളെ ദേശവിരുദ്ധരായി മുദ്രകുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെക്കുറിച്ചുള്ള പ്രതിപക്ഷ ആശങ്കകൾക്ക് മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എന്തുകൊണ്ട് മറുപടി നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, അയോധ്യ സംഭാവന ക്രമക്കേടിനെ സർക്കാർ കൈകാര്യം ചെയ്ത രീതിയെ ചോദ്യം ചെയ്ത ഖര്‍ഗെ ക്ഷേത്ര ട്രസ്റ്റിനെ നിയമിച്ചത് പ്രധാനമന്ത്രിയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, മാധ്യമങ്ങൾ എന്നിവയിലുൾപ്പെടെ സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്നും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐഎസ്ആർഒ, ഡിആർഡിഒ പോലുള്ള സംഘടനകളിലും ആർഎസ്എസുമായി ബന്ധമുള്ളവരെ നിയമിക്കുന്നുണ്ടെന്നുള്ള ഗുരുതരമായ ആരോപണവും മല്ലികാർജുൻ ഖാർഗെ ഉന്നയിച്ചു.