ഇന്ത്യയില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിയായ യുവാവ്. കൊൽക്കത്തയിലെ നാട്ടുവഴിയിലൂടെ നടന്നുപോകുകയായിരുന്ന തന്നെ പ്രദേശവാസിയായ ഒരാള്‍ തടഞ്ഞുവയ്ക്കുകയും ചുംബിക്കാൻ ആവശ്യപ്പെടുകയും പിന്തുടരുകയും ചെയ്തതായി അദ്ദേഹം പറയുന്നു. സംഭവത്തിന്‍റെ വിഡിയോയും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. വിഷയം സോഷ്യല്‍ ലോകത്ത് വലിയ വിമര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.
മാർക്കോ റോംസ് (Marco Roams) എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കൊൽക്കത്തയിലെ നാട്ടുവഴിയിലൂടെ നടന്നുപോകുകയായിരുന്ന അദ്ദേഹത്തെ ഒരു റിക്ഷയിൽ ഇരിക്കുകയായിരുന്ന യുവാവ് തടഞ്ഞുനിർത്തുകയായിരുന്നു. ഇയാൾ ഓസ്‌ട്രേലിയൻ യുവാവിനോട് തന്നെ ചുംബിക്കാൻ ആവർത്തിച്ച് ആവശ്യപ്പെടുകയും അദ്ദേഹം അത് നിരസിച്ചിട്ടും വിടാന്‍ ഭാവമില്ലാതെ കൈപിടിച്ചു നിര്‍ത്തി വീണ്ടും ചുംബനം ആവശ്യപ്പെടുകയുമായിരുന്നു.
വിഡിയോയിൽ, യുവാവ് തന്റെ കവിളിലേക്ക് ചൂണ്ടിയാണ് ‘എന്നെ ഇവിടെ ചുംബിക്കൂ’ എന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ തനിക്ക് ഇത്തരം കാര്യങ്ങളില്‍ താല്‍പര്യമില്ലെന്ന് വിദേശി വ്യക്തമാക്കിയെങ്കിലും, യുവാവ് പിന്മാറാൻ തയ്യാറായില്ല. ടൂറിസ്റ്റ് അവിടെനിന്ന് നടന്നുപോകാൻ ശ്രമിക്കുമ്പോൾ യുവാവ് കയ്യിൽ പിടിക്കുകയും വീണ്ടും ആവശ്യം ആവര്‍ത്തിക്കുകയുമായിരുന്നു. ഇത് വിദേശിയില്‍ കടുത്ത അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ അവിടെ നിന്ന് നടന്നകന്ന യുവാവ്, തന്നെക്കാൾ പ്രായം കുറഞ്ഞവരിൽ നിന്ന് പോലും തനിക്ക് പീഡനങ്ങൾ നേരിടേണ്ടി വരുന്നു എന്ന് വിഡിയോയിൽ പറയുന്നു.
‘എന്തിനാണ് ഇന്ത്യന്‍ യുവാക്കള്‍ അവരെ നമ്മള്‍ ചുംബിക്കണമെന്ന് ആവശ്യപ്പെടുന്നത്’ എന്ന് കുറിച്ചാണ് ഓസ്‌ട്രേലിയൻ യുവാവ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ‘ഇന്ത്യയിലെ പെൺകുട്ടികൾ കൂടി എന്നോട് ഇത്രയും തുറന്ന സമീപനം കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു’ എന്നും യുവാവ് കുറിച്ചിട്ടുണ്ട്. വിഡിയോക്ക് ഇതിനകം എട്ടു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിട്ടുള്ളത്.
അതേസമയം, രാജ്യത്തെത്തിയ വിനോദസഞ്ചാരിയെ അപമാനിച്ച യുവാവിന്റെ പെരുമാറ്റത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. യുവാവിനെതിരെ പൊലീസ് നടപടിയെടുക്കണമെന്നും പലരും ആവശ്യപ്പെട്ടു. എന്നാൽ, മറ്റൊരു വിഭാഗം ഓസ്‌ട്രേലിയൻ യുവാവിനെയും ചോദ്യം ചെയ്യുന്നുണ്ട്. കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി മാത്രം അധികമാരും പോകാത്ത ഇടങ്ങളില്‍ പോയി ഇന്ത്യയെ ഒന്നാകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ചിലർ കമന്റ് ചെയ്തു. ഇതല്ല ശരിക്കുമുള്ള ഇന്ത്യ എന്നും കമന്‍റുകളുണ്ട്.
ഓസ്‌ട്രേലിയൻ യുവാവ് പങ്കുവെച്ച വിഡിയോയിലെ ‘എന്തിനാണ് ഇന്ത്യന്‍ യുവാക്കള്‍ അവരെ നമ്മള്‍ ചുംബിക്കണമെന്ന് ആവശ്യപ്പെടുന്നത്’ എന്ന ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. രു വ്യക്തിയുടെ മോശം പെരുമാറ്റത്തിന് രാജ്യത്തിനെ കുറ്റപ്പെടുത്തുന്നത് ശരിയാണോ എന്ന് പലരും ചോദിക്കുന്നു. മാത്രമല്ല, ‘ഇന്ത്യയിലെ പെൺകുട്ടികൾ എന്നോട് ഇത്ര തുറന്ന സമീപനം കാണിച്ചിരുന്നെങ്കിൽ’ എന്ന ക്യാപ്ഷന്‍ സ്ത്രീവിരുദ്ധമാണെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല.