People grieve as they comfort each other outside the scene of a mass shooting, Sunday, April 19, 2026, in Shreveport, La. (AP Photo/Gerald Herbert)

യു.എസിലെ ലൂസിയാനയിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട എട്ട് കുട്ടികളില്‍ ഏഴു പേര്‍ സഹോദരങ്ങള്‍. സ്വന്തം മക്കളെയാണ് പ്രതി വെടിവച്ചു കൊന്നത്. പ്രാദേശിക സമയം രാവിലെ അഞ്ചു മണിയോടെയായിരുന്നു സംഭവം. തോക്കുമായെത്തിയ ഷാമർ എൽകിൻസ് എന്ന അക്രമി പത്തു പേരുടെ നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു. 2024 ജനുവരിക്ക് ശേഷം യു.എസിലുണ്ടാകുന്ന ഏറ്റവും വലിയ വെടിവെയ്പ്പാണിത്. 

മൂന്നു മുതല്‍ 11 വയസുവരെ പ്രായമുള്ള മൂന്നു ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സഹോദരങ്ങളെ കൂടാതെ ഇവരുടെ ബന്ധുവാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. ജെയ്‌ല എൽക്കിൻസ് (3 വയസ്), ഷെയ്‌ല എൽക്കിൻസ് (5), കെയ്‌ല പ്യൂ (6), ലൈല പ്യൂ (7 ), മാർക്കെയ്ഡൻ പ്യൂ (10), സരിയ സ്നോ (11), ഖെഡാരിയൻ സ്നോ (6), ബ്രയ്‌ലൺ സ്നോ (5) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ അമ്മ ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. 

ഒരേ ബ്ലോക്കില്‍പ്പെട്ട രണ്ടു വീടുകളിലും സമീപത്തെ മറ്റൊരു തെരുവിലെ വീട്ടിലുമായാണ് വെടിവയ്പ് നടന്നത്. സ്വന്തം ഭാര്യയ്ക്കു നേരെയാണ് പ്രതി ആദ്യം വെടിയുതിര്‍ത്തത്. ഇവര്‍ക്ക് ഗുരുതര പരുക്കേറ്റു. പിന്നാലെ തൊട്ടടുത്ത വീട്ടിലേക്ക് എത്തുകയും കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇവിടെ നടന്ന വെടിവെയ്പ്പിലാണ് രണ്ടാമത്തെ സ്ത്രീക്ക് പരുക്കേറ്റത്. മരിച്ച എട്ടാമത്തെ കുട്ടിയുടെ അമ്മയാണിവര്‍. വെടിവെയ്പ്പുണ്ടായതിന് പിന്നാലെ ചില കുട്ടികള്‍ വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടിരുന്നു. വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടുന്നതിനിടെ 13 വയസുള്ള ആൺകുട്ടിക്ക് പരിക്കേറ്റു. 

ഷാമർ എൽകിൻസ് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് വെടിവച്ച് കൊന്നു. കുടുംബപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നാലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 2019-ൽ ആയുധങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിൽ ഷാമര്‍ എൽക്കിൻസ് അറസ്റ്റിലായിട്ടുണ്ട്. 2020 ഓഗസ്റ്റ് വരെ ഏഴ് വർഷത്തോളം ലൂസിയാന ആർമി നാഷണൽ ഗാർഡിൽ ഇയാള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A horrific mass shooting in Louisiana resulted in the deaths of eight children, seven of whom were siblings, at the hands of their father, Shamar Elkins. The tragedy unfolded early in the morning when Elkins opened fire on ten people across two homes, targeting his wife first and then his children, aged 3 to 11. While Elkins was eventually shot and killed by the police, the incident left two women, including the children's mother, critically injured. A 13-year-old boy also sustained injuries while jumping off a roof to escape the carnage. Investigations revealed that Elkins was a former Louisiana Army National Guard member with a past criminal record involving weapons.