അമേരിക്കയിലെ ഡെൻവർ രാജ്യാന്തര വിമാനത്താവളത്തില്‍, റണ്‍വേയിലേക്ക് അനധികൃതമായി എത്തിയ വ്യക്തിയെ ഇടിച്ചുവീഴ്ത്തി വിമാനം. ടേക്ക് ഓഫിനായി റൺവേയിലൂടെ അതിവേഗം നീങ്ങിക്കൊണ്ടിരുന്ന ഫ്രോണ്ടിയർ എയർലൈൻസ് വിമാനമാണ് ഇയാളെ ഇടിച്ചത്. ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വിമാനത്താവള അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. 

ദൃശ്യങ്ങളില്‍ ഒരാള്‍ റൺവേയിലേക്ക് വരികയും അത് മുറിച്ചുകടക്കാൻ തുടങ്ങുകയും ചെയ്യുന്നതായി കാണാം. പിന്നാലെ വേഗതയിലെത്തുന്ന എയർബസ് A321 വിമാനം ഇയാളെ ഇടിച്ചിടുകയാണ്. അപകടത്തിന് പിന്നാലെ വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നിന് തീപിടിക്കുകയും ചെയ്യുന്നുണ്ട്. ലൊസാഞ്ചലസിലേക്ക് പുറപ്പെടുകയായിരുന്ന വിമാനത്തില്‍ 224 യാത്രക്കാരും ഏഴ് ജീവനക്കാരും ഉണ്ടായിരുന്നു. അപകടത്തെത്തുടർന്ന് സർവീസ് അടിയന്തരമായി റദ്ദാക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധനയക്കായി മാറ്റിയെന്നും എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ‘ഞങ്ങൾ ഒരാളെ ഇടിച്ചു, എന്‍ജിന് തീപിടിച്ചിരിക്കുന്നു’ എന്ന പൈലറ്റിന്റെ പരിഭ്രാന്തി നിറഞ്ഞ സന്ദേശം എയർ ട്രാഫിക് കൺട്രോൾ ഓഡിയോയിൽ പതിഞ്ഞിട്ടുണ്ട്. പറന്നുയരുന്നതിനിടെ ഒരു സ്ഫോടനം കേട്ടതായും പിന്നീട് തീജ്വാലകൾ കണ്ടതായും ക്യാബിനില്‍ പുക നിറഞ്ഞതായും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. പുക ക്യാബിനിൽ പൂർണ്ണമായും നിറഞ്ഞതോടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതായും പരിഭ്രാന്തിയില്‍ യാത്രക്കാര്‍ നിലവിളിക്കുകയായിരുന്നുവെന്നും ഒരു യാത്രക്കാരന്‍ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, വിമാനത്താവളത്തിന്റെ സംരക്ഷണ വേലി ചാടിക്കടന്ന് റൺവേയിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയെയാണ് വിമാനം ഇടിച്ചതെന്നും ഇയാള്‍ വിമാനത്താവളത്തിലെ ജീവനക്കാരനല്ലെന്നും അധികൃതർ പറഞ്ഞു. അന്വേഷണം പൂർത്തിയാതിന് ശേഷം വ്യക്തിയുടെ പേരും മരണകാരണവും പുറത്തുവിടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്താവളത്തിന്‍റെ 36 മൈൽ ചുറ്റളവിലെ സംരക്ഷണ വേലിയുടെ സുരക്ഷ പുനഃപരിശോധിക്കുമെന്നും വിമാനത്താവളം അറിയിച്ചു.

ENGLISH SUMMARY:

A tragic accident occurred at Denver International Airport when a Frontier Airlines Airbus A321 struck a trespasser while accelerating for takeoff. The individual, who had reportedly scaled the airport's perimeter fence to reach the runway, was killed instantly. Following the impact, one of the aircraft's engines caught fire, and smoke filled the cabin, causing panic among the 224 passengers and seven crew members on board. The pilot's frantic distress call, "We hit someone, we have an engine fire," was captured on Air Traffic Control audio before the flight was safely aborted. Airport officials have launched an investigation into the massive security breach and promised to review the safety of the 36-mile perimeter fencing.