A satellite view shows an overview of Fordow underground complex, after the U.S. struck the underground nuclear facility, near Qom, Iran June 22, 2025. MAXAR TECHNOLOGIES/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT. DO NOT OBSCURE LOGO.
സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ച് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇറാന്‍. 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്‍റെ നിയന്ത്രണം തങ്ങളുടെ പക്കലല്ലെന്നും ആണവ വിഷയത്തില്‍ സമഗ്രമായ ചര്‍ച്ചയ്ക്ക് ഇറാന്‍ തയാറായിട്ടും അമേരിക്ക പിടിവാശി തുടര്‍ന്നുവെന്നും ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഘരീബാബാദി പറഞ്ഞു. യുഎസ് അവരുടെ മാത്രം താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും നിലവിലെ വെടിനിര്‍ത്തലിലടക്കം ഇത് പ്രകടമാണെന്നും അദ്ദേഹം തുറന്നടിച്ചു. 'സമ്പുഷ്ടീകരിച്ച യുറേനിയം, സ്റ്റോക്പൈലുകള്‍, ആണവായുധം ഉണ്ടാക്കില്ലെന്ന ഇറാന്‍റെ നിലപാട്, ഇവ മൂന്നുമാണ് പ്രധാനമായും ചര്‍ച്ചയായത്. ഇതെല്ലാം വിശദമായി ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ തയാറായിരുന്നു. പക്ഷേ സമവായം ആവശ്യമുണ്ട്. യുഎസ് അതിന് തയാറായതേയില്ല. അവര്‍ക്ക് അവരുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണമായിരുന്നു'- ചര്‍ച്ചകള്‍ വഴിമുട്ടിയതിനെ കുറിച്ച് ഘരീബാബാദി വിശദീകരിച്ചു.
'ഇറാന്‍റെ സമ്പുഷ്ടീകരിച്ച യുറേനിയം പൂര്‍ണമായും യുഎസിന് കൈമാറണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. വരുന്ന 20 വര്‍ഷത്തേക്ക് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്താന്‍ പാടില്ലെന്നും വാശിപിടിച്ചു. എന്തിനാണ് സമ്പുഷ്ടീകരിച്ച യുറേനിയം യുഎസിലേക്ക് കൊണ്ടുപോകുന്നത്? അതിന് എന്ത് ന്യായീകരണമാണ് ഉള്ളതെ'ന്നും അദ്ദേഹം ചോദ്യമുയര്‍ത്തുന്നു. രാജ്യത്തെ ഒറ്റുകൊടുക്കാന്‍ ഇറാന്‍റെ നേതാക്കള്‍ തയാറല്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
'സമ്പുഷ്ടീകരിച്ച യുറേനിയം, അമേരിക്ക ബോംബിട്ട ആണവ കേന്ദ്രങ്ങള്‍ക്കടിയിലാണ്. അതിന്‍റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ ഇനി സാധ്യമല്ല. അമേരിക്കയാണ് ഈ യുദ്ധം തുടങ്ങിയത്. അവര്‍ ലക്ഷ്യങ്ങളെന്ന് പറഞ്ഞത് നേടാനും കഴിഞ്ഞില്ല. ഇപ്പോള്‍ ഇറാനോട് ഇളവിനായി കെഞ്ചുന്നു. അടിച്ചേല്‍പ്പിക്കലാണ് ചര്‍ച്ചയിലെ അമേരിക്കന്‍ നയം, അല്ലാതെ സമവായമല്ല'- ഘരീബബാദി തുറന്നടിച്ചു.
അതേസമയം, ഇന്ത്യയെ ഇറാന്‍ സുഹൃത്തായാണ് കാണുന്നതെന്നും ഇന്ത്യന്‍ കപ്പലുകളെ ഹോര്‍മുസിലൂടെ കടത്തിവിട്ടുവെന്നും അദ്ദേഹം പറഞ്ഞു. 11 ഇന്ത്യന്‍ കപ്പലുകള്‍ ഇതിനകം ഹോര്‍മുസിലൂടെ പോയിട്ടുണ്ട്. കുറച്ച് കപ്പലുകള്‍ കൂടി കടത്തിവിടും. എല്ലാരാജ്യങ്ങള്‍ക്കും ഈ ആനുകൂല്യം നല്‍കുന്നില്ലെന്നും ഘരീബബാദി പറഞ്ഞു. രാജ്യാന്തര നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഹോര്‍മുസിലൂടെ കടന്ന് പോകുന്ന കപ്പലുകളില്‍ നിന്ന് നിശ്ചിത തുക ഈടാക്കാന്‍ ഇറാന്‍ തയാറെടുക്കുകയാണ്. യുഎസ് ഉപരോധം നീക്കുകയും ഇറാന്‍റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുകയും ചെയ്താല്‍ ഹോര്‍മുസ് തുറക്കാമെന്നാണ് ഇറാന്‍റെ നിലപാട്. ആണവായുധം ഒരിക്കലും ഉണ്ടാക്കില്ലെന്ന നിലപാടില്‍ ഇറാന് മാറ്റമില്ലെന്നും നേതൃത്വം ആവര്‍ത്തിച്ചു.