ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്കുനേരെ ഇറാന്‍ സേന നടത്തിയ വെടിവയ്പില്‍ ഇറാനെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് പ്രതിഷേധം അറിയിച്ചത്. ഇന്ത്യയിലേക്ക് വന്ന 14 കപ്പലുകള്‍ തടഞ്ഞാണ് ഇറാന്‍ സേനയുടെ ആക്രമണം.
അതിനിടെ, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചെന്നും കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്നും ഇറാന്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി. ചുങ്കം നല്‍കി അനുമതി വാങ്ങുന്ന കപ്പലുകളെ കടത്തിവിടുമെന്നായിരുന്നു ഇറാന്‍റെ മുന്‍ നിലപാട്. യുഎസ് സമുദ്ര ഉപരോധം വെടിനിര്‍ത്തല്‍ ലംഘനമെന്നാണ് ഇറാന്‍റെ വിലയിരുത്തല്‍.
ശത്രുക്കൾക്ക് കയ്പേറിയ പുതിയ പരാജയങ്ങൾ സമ്മാനിക്കാൻ ഇറാന്റെ നാവികസേന സജ്ജമാണെന്ന് പരമോന്നത നേതാവ് മൊജ്തബ ഖമനയി പറഞ്ഞു. കടലിടുക്ക് അടച്ചതിന് പിന്നാലെ കപ്പലുകള്‍ക്കുനേരെ ഇറാന്‍ സേന വെടിവച്ചു. ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയും വെടിവയ്പുണ്ടായി. ഇതോടെ കടലിടുക്ക് കടക്കാതെ ഒട്ടെറെ കപ്പലുകള്‍ മടങ്ങി. അതിനിടെ കടലിടുക്ക് അടച്ചുകൊണ്ട് അമേരിക്കയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ടെഹ്‌റാനാകില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരിച്ചടിച്ചു.