പശ്ചിമേഷ്യൻ സംഘർഷത്തിൽ സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തിയ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്കെതിരെ കടുത്ത വിമർശനമാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തിയത്. മാര്‍പ്പാപ്പ കത്തോലിക്കാസഭയുടെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നും, രാഷ്ട്രീയക്കാരനാകരുതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലോകസമാധാനത്തിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി നിരന്തരമായ ആഹ്വാനങ്ങളും പ്രാർത്ഥനകളുമായി നിലകൊണ്ടിട്ടുള്ളവരാണ് മാര്‍പ്പാപ്പമാര്‍. സംഘർഷങ്ങൾക്കിരയാകുന്നവർക്കും കൊല്ലപ്പെടുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുകയും, ദുരിതങ്ങൾക്കറുതിവരുത്താൻ നിരന്തര ഇടപെടലുകളും അവർ നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു പദവി വഹിക്കുന്ന വ്യക്തിക്കു നേർക്കാണ് ട്രംപിന്‍റെ അധിക്ഷേപം. ട്രംപിന്‍റെ ഈ പ്രവര്‍ത്തി ലോകരാജ്യങ്ങളെ പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
സ്വയം യേശുവായി ചിത്രീകരിക്കുന്ന എഐ ചിത്രത്തിനൊപ്പമാണ് മാര്‍പ്പാപ്പയെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കുറിപ്പ് ട്രംപ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. എന്നാല്‍ ട്രംപിനെ ഭയമില്ലെന്നും വിമര്‍ശനം തുടരുമെന്നുമായിരുന്നു ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ പ്രതികരണം. മാർപാപ്പയെ അപമാനിച്ച് ട്രംപ് നടത്തിയ പരാമർശങ്ങളെ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉൾപ്പടെ രംഗത്തെത്തി. ക്രിസ്തുവിനെ നിന്ദിച്ചു നടത്തിയ പ്രസ്താവനകൾ ആർക്കും അംഗീകരിക്കാനാവില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തത്. ഇറാനെയും നൂറ്റാണ്ടുകൾ പഴക്കമുള്ള ആ രാജ്യത്തിൻ്റെ സംസ്കാരത്തെയും ഒറ്റരാത്രികൊണ്ട് തുടച്ചുനീക്കുമെന്ന ട്രംപിന്‍റെ ഭീഷണി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും മാര്‍പ്പാപ്പ പറഞ്ഞിരുന്നു. ഇറാന്‍ യുദ്ധത്തെയും ട്രംപിന്‍റെ കുടിയേറ്റനയത്തെയും മാര്‍പ്പാപ്പ വിമര്‍ശിച്ചതോടെയാണ് മാര്‍പ്പാപ്പ രാഷ്ട്രീയം കളിക്കരുതെന്ന മുന്നറിയിപ്പുമായി ട്രംപ് എത്തിയത്. പിന്നെ ലോകം കണ്ടതാകട്ടെ യുഎസില്‍ നിന്നുളള ആദ്യമാര്‍പ്പാപ്പയും പ്രസിഡന്‍റും തമ്മിലുളള വാക്പോര്.
'ഞാന്‍ മാര്‍പ്പാപ്പയുടെ ആരാധകനല്ല' എന്ന് തുറന്നടിച്ചുകൊണ്ടായിരുന്നു ട്രംപ് മാര്‍പ്പാപ്പയ്ക്ക് നേരെ തിരിഞ്ഞത്. ട്രംപിന്‍റെ വാക്കുകള്‍ ഇങ്ങനെ...'പോപ്പ് ലിയോ കുറ്റകൃത്യങ്ങളോടുള്ള സമീപനത്തിൽ ദുർബലനാണ്, വിദേശനയത്തിലും വളരെ മോശമാണ്. ട്രംപ് ഭരണകൂടത്തെക്കുറിച്ചുളള ഭയത്തെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിക്കുന്നത്. കോവിഡ് കാലത്ത് പള്ളികളിൽ ശുശ്രൂഷകൾ നടത്തിയതിന് പുരോഹിതരെയും മറ്റും അറസ്റ്റ് ചെയ്ത സംഭവങ്ങളുണ്ടായപ്പോൾ പ്രതികരിക്കാതിരുന്ന ആളാണ് മാർപാപ്പ. എനിക്ക് അദ്ദേഹത്തെക്കാൾ അദ്ദേഹത്തിന്റെ സഹോദരൻ ലൂയിസിനെയാണ് കൂടിതലിഷ്ടം. കാരണം ലൂയിസ് 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' എന്ന എന്‍റെ പ്രസ്താനത്തെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അവൻ കാര്യങ്ങൾ മനസ്സിലാക്കുന്നു, എന്നാല്‍ ലിയോ മാർപാപ്പയ്ക്ക് അതില്ല! ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. അമേരിക്ക വെനസ്വേലയെ ആക്രമിച്ചതിനെതിരെ വിമർശിക്കുന്ന ഒരു പോപ്പും എനിക്ക് വേണ്ട. ആ രാജ്യം വൻ തോതിൽ ലഹരി മരുന്ന് അമേരിക്കയിലേക്ക് കടത്തി . കൊലയാളികളും ലഹരി വ്യാപാരികളും അടങ്ങിയ തടവുകാരെ നമ്മുടെ രാജ്യത്തേക്ക് അവർ അയച്ചു. ഞാൻ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. ആ നിലയിൽ ചെയ്യേണ്ടതെല്ലാം ചെയ്യുന്നതിനെ വിമർശിക്കുന്ന ഒരു പോപ്പും എനിക്ക് വേണ്ട. കുറ്റകൃത്യങ്ങളുടെ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാക്കുകയും, ഓഹരി വിപണിയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിക്കുകയും ചെയ്തത് എന്‍റെ നേട്ടമാണ്.
'ലിയോ മാർപാപ്പ നന്ദിയുള്ളവനായിരിക്കണം, കാരണം ഞാൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നെങ്കിൽ, ലിയോ വത്തിക്കാനില്‍ എത്തുമായിരുന്നില്ല. ലിയോയുടെ കുറ്റകൃത്യങ്ങളോടുള്ള ദുർബലതയും ആണവായുധങ്ങളോടുള്ള നിലപാടും എനിക്ക് അംഗീകരിക്കാനാകില്ല. കൂടാതെ, ഡേവിഡ് ആക്സൽറോഡ് പോലുള്ള ഇടതുപക്ഷ അനുഭാവികളുമായി കൂടിക്കാഴ്ച നടത്തുന്നതും എനിക്ക് അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹം ഒരു യഥാർഥ പോപ്പായി പ്രവർത്തിക്കണം. കോമണ്‍സെൻസ് ഉപയോഗിക്കണം. തീവ്ര ഇടതുപക്ഷക്കാര്‍ക്ക് വളംവച്ചുകൊടുക്കുന്നത് അവസാനിപ്പിക്കണം. രാഷ്ട്രീയക്കാരനാകാൻ അല്ല, ഒരു മികച്ച പോപ്പാകാൻ ശ്രദ്ധിക്കുക'– ട്രംപ് ദ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ട്രംപിന്‍റെ ഈ ഭീഷണിക്ക് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നല്‍കിയ മറുപടി ഇങ്ങനെ..'എനിക്ക് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ഒരു സംവാദത്തിന് താല്‍പര്യമില്ല. യുദ്ധത്തിനെതിരെ ഞാന്‍ ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കും. എനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ല. സമാധാനത്തിന് വേണ്ടി ഞാന്‍ വാദിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ആരെങ്കിലുമൊക്കെ ധൈര്യത്തോടെ പ്രതികരിക്കണമല്ലോ? കോടിക്കണക്കിന് ആളുകളാണ് ഇന്ന് ലോകത്ത് യുദ്ധം മൂലം ദുരിതം അനുഭവിക്കുന്നത്. നിരപരാധികളാണ് കൊലപ്പെടുന്നവരില്‍ ഏറെയും. ഞാന്‍ വാക്കുതര്‍ക്കത്തിനില്ല. സുവിശേഷം പറയുന്നതില്‍ നിന്ന് പിന്മാറുകയുമില്ല. ദൈവത്തിന്‍റെ സന്ദേശം വളരെ വ്യക്തമാണ്. സമാധാനം കൊണ്ടവരുന്നവരാണ് അനുഗ്രഹിപ്പെട്ടവര്‍. ഇതായിരുന്നു ട്രംപിനുളള ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ മറുപടി. ഇതിനു പിന്നാലെയാണ് സ്വയം യേശുവായി ചിത്രീകരിക്കുന്ന എഐ ചിത്രവും മാര്‍പ്പാപ്പയെ അധിക്ഷേപിക്കുന്നത കുറിപ്പും ട്രംപ് പങ്കുവച്ചത്. എന്നാല്‍ താമസിയാതെ തന്നെ വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്കു. ട്രംപിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഹിറ്റ്ലറോ മുസ്സോളനിയോ പോലും ഇങ്ങനെ പരസ്യമായും നേരിട്ടും ആക്രമിച്ചിട്ടില്ലെന്ന് പല പ്രമുഖരും പ്രതികരിച്ചു. മാര്‍പ്പാപ്പയോടുളള ട്രംപിന്‍റെ കടന്നാക്രമണം ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നായിരുന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മൊലോനി പ്രതികരിച്ചത്.