പ്ലീഹ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്‍ കരള്‍ മുറിച്ചുമാറ്റിയതോടെ രോഗിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഡോക്ടറുടെ കൈപ്പിഴയില്‍ 70കാരനായ രോഗി ചോരവാര്‍ന്ന് മരിച്ചത്. ഡോക്ടര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.
2024 ഓഗസ്റ്റിലാണ് ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അലബാമയില്‍ നിന്നുള്ള രോഗി ശസ്ത്രക്രിയയ്ക്കായി ഫ്ലോറിഡയിലെ ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. പരിശോധനയില്‍ പ്ലീഹയിലാണ് പ്രശ്നമെന്ന് കണ്ടെത്തി . തുടര്‍ന്ന് പ്ലീഹ നീക്കം ചെയ്യാന്‍ തീരുമാനിച്ചു . താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ പ്ലീഹ നീക്കാനായിരുന്നു ശ്രമം.
പൊതുവെ പ്ലീഹ നീക്കം ചെയ്യല്‍ വളരെ അനായാസ ശസ്ത്രക്രിയയാണ്. നീക്കം ചെയ്താലും പ്ലീഹയുടെ പ്രവര്‍ത്തനം കരള്‍ ഏറ്റെടുക്കും. എന്നാല്‍ പ്രായം കൂടിയതും പ്രമേഹത്തിന് മരുന്ന് കഴിക്കുന്നതുമായ രോഗികളില്‍ ഈ ശസ്ത്രക്രിയ ശ്രമകരമാണ്. രോഗിക്ക് രക്തസ്രാവം അമിതമായാല്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം.
ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ പ്ലീഹയ്ക്ക് പകരം കരള്‍ ഡോക്ടര്‍ മുറിച്ചുമാറ്റുകയായിരുന്നു. ഉടന്‍ ശക്തമായ രക്തസ്രാവമുണ്ടായി രോഗി മരിച്ചു. 70കാരനും പ്രമേഹരോഗിയുമായ ആളോട് ശസ്ത്രക്രിയയുടെ തീവ്രത മറച്ചുവച്ചാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതെന്നും ആരോപണമുണ്ട്. പോസ്റ്റുമോര്‍ട്ടത്തില്‍ നിന്നും രോഗിയുടെ പ്ലീഹയില്‍ ഡോക്ടര്‍ തൊട്ടിട്ടുപോലുമില്ല പകരം കരള്‍ നേരിട്ട് മുറിച്ചെടുക്കുകയാണെന്ന് വ്യക്തമായി.
ശസ്ത്രക്രിയ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയാണ് ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് മനസിലാക്കിയത്. കോടതി ഡോക്ടറെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തു. ഈതേ ഡോക്ടര്‍ മറ്റൊരു രോഗിയുടെ അഡ്രിനല്‍ ഗ്രന്ഥി അബദ്ധത്തില്‍ മുറിച്ചുമാറ്റിയ സംഭവവും പിന്നാലെ പുറത്തുവന്നു. ഈ കേസിലും രോഗി മരണമടഞ്ഞിരുന്നു. ഇതുകൂടാതെ മറ്റൊരവസരത്തില്‍ രോഗിയുടെ ചെറുകുടലിന്‍റെ ഭാഗം ഡോക്ടര്‍ മുറിച്ചുമാറ്റിയെന്നും ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ മരണത്തിന് കീഴടങ്ങിയതായും കണ്ടെത്തി. ഡോക്ടര്‍ക്കെതിരായ ശിക്ഷസംന്ധിച്ച് കോടതി ഉടന്‍ തീരുമാനമെടുക്കും.