മലയാളി ഗവേഷണ വിദ്യാർത്ഥിക്ക് അമേരിക്കയിൽ അപൂര്‍വ്വ നേട്ടം. മലപ്പുറം സ്വദേശിയായ അബ്ദുൽ ഫത്താഹ് നൂറാനിക്കാണ് അമേരിക്കയിലെ ന്യൂയോർക്ക് സർവകലാശാലയിൽ (NYU) അഞ്ചരക്കോടി രൂപയുടെ സ്കോളർഷിപ്പോടെ പി.എച്ച്.ഡി പ്രവേശനം ലഭിച്ചത്. മാക്റാകൻ ഫെല്ലോഷിപ്പ്, ഡീൻസ് ഡോക്ടറൽ ഫെല്ലോഷിപ്പ്, ഡീൻസ് ഹ്യൂമാനിറ്റീസ് സ്‌കോളേഴ്സ് പ്രോഗ്രാം  എന്നിവ ഉൾപ്പെടുന്ന അത്യപൂർവ്വമായ പ്രമുഖ സ്കോളർഷിപ്പാണ് ലഭിച്ചത്.

ന്യൂയോർക്ക് സർവകലാശാലയിലെ മിഡിൽ ഈസ്‌റ്റേൺ & ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെൻ്റിലാണ് അബ്ദുൽ ഫത്താഹ് ഗവേഷണം നടത്തുക. സുസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച സംവാദങ്ങളുടെ പശ്ചാത്തലത്തിൽ, ഗൾഫ് മലയാളി മുസ്ലിംകളുടെ മതസ്ഥലാനുഭവങ്ങളും മരണാനന്തര പരിസ്ഥിതികളും എന്നതാണ് ഗവേഷണ പ്രബന്ധം.

യൂണിവേഴ്സിറ്റി ഓഫ് ടൊറൻ്റോ, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ തുടങ്ങി ലോകത്തെ മറ്റ് അഞ്ച് പ്രമുഖ സർവ്വകലാശാലകളിലും ഇദ്ദേഹത്തിന് ഈ വർഷം പി.എച്ച്.ഡി പ്രവേശനം ലഭിച്ചിരുന്നു. നേരത്തെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഫുള്ളി ഫണ്ടഡ് ഫെല്ലോഷിപ്പോടെ മാസ്റ്റേഴ്സ് ഇൻ ഇസ്ലാമിക് സ്റ്റഡീസിന് അവസരം ലഭിച്ച അബ്ദുൽ ഫത്താഹ്, അവിടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാനിരിക്കെയാണ് പുതിയ നേട്ടം കൈവരിക്കുന്നത്.

ജാമിഅ മദീനതുന്നൂറിലെ ഏഴ് വർഷത്തെ ബിരുദ പഠനത്തിന് ശേഷം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലോടെ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. പൊളിറ്റിക്കൽ സയൻസിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (JRF) നേടിയിട്ടുള്ള ഇദ്ദേഹം ജെ.എൻ.യു ഉൾപ്പെടെ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

മലപ്പുറം കടക്കാട്ടുപാറ സ്വദേശികളായ അബ്ദുറഹ്മാൻ സഖാഫി – സൈനബ ദമ്പതികളുടെ മകനാണ്. അഭിമാന നേട്ടം കൈവരിച്ച അബ്ദുൽ ഫത്താഹിനെ ജാമിഅ മദീനതുന്നൂർ ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ഫൗണ്ടർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.  

ENGLISH SUMMARY:

A Malayali student's rare achievement in securing a prestigious PhD admission at NYU with a substantial scholarship highlights exceptional academic prowess. This accomplishment is a testament to the student's dedication and the growing recognition of Indian talent on the global stage.