യുഎസ് മേരിലാന്‍ഡിലെ പബ്ലിക്ക് ലൈബ്രറിയില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന ഹിന്ദി ബുക്ക് ഫെസ്റ്റ് വിശ്വ ഹിന്ദു പരിഷത്ത് ബന്ധം ആരോപിച്ച് തടഞ്ഞതായി റിപ്പോര്‍ട്ട്. മേരിലാന്‍ഡിലെ മോണ്ടഗോമറി കൗണ്ടി പബ്ലിക്ക് ലൈബ്രറിയിലായിരുന്നു ഞായറാഴ്ച ഹിന്ദി ബുക്ക് ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ മത, സാംസ്കാരിക സംഘടനകള്‍ രംഗത്തുവന്നതോടെ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു. വിശ്വ ഹിന്ദു പരിഷത്തുമായി ബുക്ക് ഫെസ്റ്റ് നടത്താനിരുന്ന സംഘടനയ്ക്ക് ബന്ധമുണ്ടെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. 

വിശ്വഹിന്ദു പരിഷത്ത് അമേരിക്കയുമായി (VHPI) ബന്ധമുള്ള ബാല്‍വിഹാര്‍ ഹിന്ദി സ്കൂളായിരുന്നു ലൈബ്രറിയുടെ പങ്കാളിത്തത്തില്‍ പരിപാടി നടത്താന്‍ പദ്ധതിയിട്ടിരുന്നത്. Many Languages One Library എന്ന പേരില്‍ നടക്കാനിരുന്ന പരിപാടിക്കെതിരെ അമേരിക്കന്‍ മുസ്‍ലിം കൗണ്‍സില്‍, ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, സിക്ക് കൊഒലിഷന്‍, ദലിത് സോളിഡാരിറ്റി ഫോറം യുഎസ്എ എന്നീ സംഘടനകളാണ് രംഗത്തുവന്നത്.

ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന വിശ്വഹിന്ദു പരിഷത്ത് പിന്തുണയ്ക്കുന്ന ഒരു പരിപാടി സംഘടിപ്പിക്കുന്നത് തീവ്ര ആശയങ്ങള്‍ പ്രചരിക്കുന്നതിന് കാരണമാകുമെന്ന ആശങ്കയാണ് സംഘടനകള്‍ പ്രകടിപ്പിച്ചത്. രാഷ്ട്രീയ ആശയങ്ങള്‍ കള്‍ചറല്‍ സാംസ്കാരിക പരിപാടികളുെട മറവില്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്‍റര്‍നാഷണല്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ ഹിന്ദൂഫോബിക്ക് സംഘടനകള്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുയാണ് എന്നായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയുടെ മറുപടി. 

നിലവില്‍ തങ്ങള്‍ക്ക് സ്കൂള്‍ സൗജന്യമായി നല്‍കിയ പുസ്തകങ്ങള്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ലൈബ്രറി.

ENGLISH SUMMARY:

Maryland Hindi Book Fest at Montgomery County Public Library was canceled due to allegations of Vishva Hindu Parishad affiliation. This cancellation highlights a controversy surrounding the event's organizers and fears of religious extremism.