AI Image
ചെയ്യുന്ന ജോലിക്ക് ആനുപാതികമായ ശമ്പളം കമ്പനി നല്‍കാത്തതില്‍ അഞ്ചുമണിക്കൂര്‍ ഡ്യൂട്ടി ടൈമില്‍ ഉറങ്ങി യുവതിയുടെ പ്രതിഷേധം. ചൈനയിലെ ഷാങ്ക്വിയിലുള്ള സ്ഥാപനത്തിലാണ് വേറിട്ട പ്രതിഷേധമുണ്ടായത്. കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും വേണ്ടരീതിയില്‍ സ്ഥാപനം തന്നെ പരിഗണിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി. അതുകൊണ്ട് ഓഫിസിലെത്തി അഞ്ചു മണിക്കൂര്‍ നേരം യുവതി ഡെസ്കില്‍ തലവച്ച് കിടന്നുറങ്ങി.
ഓഫിസ് നേരത്ത് യുവതി കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാനേജര്‍ വിളിക്കുകയും വഴക്ക് പറയുകയും ചെയ്തു. ഇനി ഇത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും അറിയിച്ചു. ഇതിന് മറുപടിയായാണ് സ്വയം ന്യായീകരിച്ച് യുവതി വിഡിയോ പങ്കുവച്ചത്. സ്ഥാപനം തന്നോട് കാണിക്കുന്ന നീതികേട് ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് യുവതി പറയുന്നത്. ജോലി ഉപേക്ഷിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും തൊഴിലാളികളെ കുറച്ച് കൂടി പരിഗണിക്കണമെന്ന സന്ദേശം കൈമാറുകയാണെന്നും അവര്‍ വിശദീകരിച്ചു.
അഞ്ചുമണിക്കൂര്‍ ഉറങ്ങി എഴുന്നേറ്റതിന് പിന്നാലെ യുവതി മാനേജറുടെ കാബിനിലെത്തി അദ്ദേഹം സൂക്ഷിച്ച് വച്ചിരുന്ന ചോക്കലേറ്റും എടുത്ത് കഴിച്ചു. ഷുഗര്‍ താഴ്ന്ന് പോകുന്ന അസുഖമുള്ള മാനേജരാവട്ടെ ചോക്കലേറ്റ് കഴിക്കാന്‍ കിട്ടാതെ വന്നതോടെ കുഴഞ്ഞ് വീഴുകയും ചെയ്തു. യുവതി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
യുവതിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവതിയെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച ഉയരുന്നുണ്ട്. 'എട്ടുമണിക്കൂര്‍ ജോലി ചെയ്യണമെന്നാണ് തൊഴില്‍ നിയമം അനുശാസിക്കുന്നത്. ഉറക്കത്തിനും ഭക്ഷണം കഴിക്കുന്നതിനും വാഷ്റൂമില്‍ പോയതിനുമുള്ള സമയം കുറച്ചാല്‍ രണ്ട് മണിക്കൂറാകുമല്ലോ യുവതി ജോലി ചെയ്തത് എന്നും ആളുകള്‍ കമന്‍റില്‍ കുറിച്ചിട്ടുണ്ട്. അതേസമയം, മറ്റൊരാളുടെ ഭക്ഷണം അനുവാദമില്ലാതെ എടുത്ത് കഴിച്ചതും, അവരുടെ ജീവന്‍ അപകടത്തിലാക്കിയതും ഒരു പ്രതിഷേധത്തിന്‍റെ പേരിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും ചിലര്‍ കുറിച്ചു.