Representing Image, AFP

അമേരിക്കയുടെ യുദ്ധവിമാനം എഫ് -15 ഇ ജെറ്റ് ഇറാന്‍ വെടിവച്ചിട്ടതോടെ കാണാതായ പൈലറ്റിനെ തേടി ഇറാനില്‍ പരക്കംപാച്ചില്‍. ശത്രുരാജ്യത്തിന്റെ പൈലറ്റിനെ കയ്യില്‍ കിട്ടിയാല്‍ അത് വലിയ നേട്ടമായിരിക്കുമെന്ന ബോധ്യത്തിലാണ് ഇറാന്‍ തലങ്ങും വിലങ്ങും തിരച്ചില്‍ ആരംഭിച്ചത്. പൈലറ്റിനെ കാണാതായി ഇന്നേക്ക് രണ്ടു ദിവസം പിന്നിട്ടുകഴിഞ്ഞു. എവിടെയെങ്കിലും സുരക്ഷിതമായി ഒളിച്ചിരിക്കുകയായിരിക്കുമെന്ന നിഗമനത്തിലാണ് ഇറാനും യുഎസും. തിരച്ചിലിന്റെ ആക്കം കൂട്ടാനായി ടെഹ്റാന്‍ സൈന്യത്തിനൊപ്പം ജനകീയ സേനയേയും ഗോത്രവിഭാഗക്കാരേയും കൂടെക്കൂട്ടിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. 

289 കോടി വിലവരുന്ന യുഎസ് എഫ്–15ഇ ഈഗിള്‍ വിമാനത്തില്‍ ഒരു പൈലറ്റും ഒരു ആയുധനിയന്ത്രണ ഓഫീസറുമാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ടത് പൈലറ്റാണോ ഓഫീസറാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം തന്നെ കുവൈത്തിനു മുകളിലൂടെ പറന്ന‌ എ-10 വാർത്തോഗ് യുദ്ധവിമാനവും ഇറാൻ വെടിവച്ചു വീഴ്ത്തിയിരുന്നു. ഈ പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

നിലവിലെ സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക് സംഭവിച്ച കനത്ത നഷ്ടങ്ങളായാണ് ഈ യുദ്ധവിമാനങ്ങളുടെ തകര്‍ച്ചയെ ഇറാന്‍ വിശേഷിപ്പിക്കുന്നത്. മുന്‍പ് 2003ലാണ് ഇറാഖ് അധിനിവേശത്തിനിടെ അവസാനമായി ഒരു അമേരിക്കൻ യുദ്ധവിമാനം ശത്രുക്കളുടെ വെടിയേറ്റ് വീണത്. ഈ സംഭവത്തിനു ശേഷം ആദ്യമായാണ് അമേരിക്കയ്ക്ക് ഇറാനില്‍ നിന്നും ഈ കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നത്.  

പൈലറ്റിനായി അമേരിക്കന്‍ സേനയും തിരച്ചില്‍ നടത്തുന്നതിനിടെ തെക്കുപടിഞ്ഞാറൻ ഇറാനിൽ നിന്നുള്ള ഒരു വിഡിയോയും സോഷ്യല്‍മീഡിയകളില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.  ഇറാനിയൻ പോലീസ് ഒരു യുഎസ് ഹെലികോപ്റ്ററിന് നേരെ വെടിയുതിർക്കുന്നതും രണ്ട് യുഎസ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ തകരുന്നതും ദൃശ്യങ്ങളില്‍ കാണാം, എന്നാലിവ രണ്ടും ഉടന്‍ തന്നെ ഇറാനിയന്‍ ആകാശത്തുനിന്നും മാറിപ്പോകുന്നതും കാണാം. 

കാണാതായ യുഎസ് പൈലറ്റിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 60,000ഡോളര്‍ സമ്മാനമായി നല്‍കാമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഇറാനിയന്‍ ജനകീയ സേനയും ഗോത്രവിഭാഗങ്ങളുമുള്‍പ്പെടെ തിരച്ചിലില്‍ പങ്കാളികളായതെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മധ്യ ഇറാനില്‍വച്ചാണ് വിമാനം വെടിവച്ചിട്ടതെന്നും കൊഗ്ലിയേയിലോ ബോയര്‍ അഹമദ് പ്രവിശ്യയിലോ തകര്‍ന്നു വീണതാവാനാണ് സാധ്യതയെന്നും ഇറാനിയന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ യുഎസ് സ്വന്തം പൈലറ്റിനെ പിടികൂടി കൊലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ചില അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. 

പൈലറ്റിനെ കാണാതായതിനെക്കുറിച്ച് സംസാരിക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് തയാറാവാത്തതും അത് മിലിട്ടറി രഹസ്യങ്ങളാണെന്ന മറുപടിയും സംശയാസ്പദമാണെന്നാണ് വിലയിരുത്തല്‍. അതേസമയം ഒരു കരാറുണ്ടാക്കാനോ ഹോര്‍മുസ് തുറക്കാനോ ഇറാന് നല്‍കിയ സമയമെല്ലാം അതിക്രമിച്ചിരിക്കുന്നുവെന്നും എല്ലാ നരകവും ഇറാനുമേല്‍ വീഴുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ട്രംപിന്റെ ഭീഷണിയെ തള്ളിക്കളഞ്ഞ ഇറാൻ ഈ മുന്നറിയിപ്പും അന്ത്യശാസനവും നിസഹായതയില്‍ നിന്നും അസ്വസ്ഥതയില്‍ നിന്നും ഉണ്ടായ മണ്ടത്തരമായ നടപടിയാണന്നാണ് പ്രതികരിച്ചത്. 

Iran Launches Massive Search for Missing US Pilot After Downing F-15E:

Missing US pilot Iran is the focus as Iran intensifies its search for the pilot of an F-15E fighter jet shot down by Iranian forces. Both Iran and the US are operating under the assumption that the pilot is hiding somewhere safe, prompting a widespread search operation.