പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഫയല്‍ ചിത്രം.

പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഫയല്‍ ചിത്രം.

ഇറാന് എന്നും പിന്തുണയെന്നത് പാക്കിസ്ഥാന്‍റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. ഇറാനും അമേരിക്കയുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാക്കിസ്ഥാന്‍ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍റെ ഇറാന്‍ മൃദുസമീപനം തീരെ പിടിക്കാത്ത ചിലരുണ്ട്. യുഎഇ ആണ് അതില്‍ മുന്‍പന്തിയില്‍. ഇറാനില്‍ നിന്നും തുടര്‍ച്ചയായി ആക്രമണമേറ്റുവാങ്ങുന്ന യുഎഇക്ക് വേണ്ടി സംസാരിക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരെ മുന്നോട്ടുവന്നില്ലെന്നത് യുഎഇയെ ചൊടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ പലതവണയായി പാക്കിസ്ഥാന് കടം കൊടുത്ത 3.5 ബില്യണ്‍ ഡോളര്‍ (മൂന്നേക്കാല്‍ ലക്ഷം കോടി രൂപയിലധികം) ഒറ്റയടിക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിയിരിക്കുകയാണ് യുഎഇ.

സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന പാക്കിസ്ഥാന് വന്‍ തിരിച്ചടിയാണ് യുഎഇയുടെ ആവശ്യം. മുഴുവന്‍ തുകയും ഏപ്രില്‍ അവസാനത്തോടുകൂടി നല്‍കണം എന്നാണ് യുഎഇയുടെ ആവശ്യം. എന്നാല്‍ കുടിശികയായ തുക പാക്കിസ്ഥാനില്‍ നിക്ഷേപമായി നല്‍കാന്‍ യുഎഇ തയ്യാറാവണമെന്നും കടം വാങ്ങിയ തുക മുഴുവന്‍ നല്‍കാമെന്നുമാണ് പാക്കിസ്ഥാന്‍റെ നിലപാട്. 

ഘട്ടം ഘട്ടമായി തിരിച്ചടവ് നടത്താമെന്നാണ് പാക്കിസ്ഥാന്‍റെ പ്രതീക്ഷ. ഏപ്രില്‍ 11ന് 450 മില്യണ്‍ ഡോളരും 17ന് 2 ബില്യണ്‍ ഡോളറും 23ന് ഒരു ബില്യണ്‍ ഡോളറും നല്‍കാനാണ് നിലവിലെ പദ്ധതി. ലോകബാങ്കില്‍ നിന്നും കടമെടുത്ത 16.4 ബില്യണ്‍ ഡോളര്‍ കരുതല്‍ ശേഖരത്തില്‍ നിന്നെടുത്ത് കടം വീട്ടുക  മാത്രമാണ് പാക്കിസ്ഥാന് മുന്നിലുള്ളത്. 

1996ലാണ് മൊത്തം കടത്തിലെ 450 മില്യണ്‍ ഡോളര്‍ പാക്കിസ്ഥാന്‍ യുഎഇയില്‍ നിന്ന് കടമെടുത്തത്. ഈ കടം വീട്ടാന്‍ അവധി നീട്ടി നീട്ടി നല്‍കി 30 വര്‍ഷം പിന്നിടുകയായിരുന്നു. ഇത് വീണ്ടും നീട്ടിക്കൊണ്ടുപോകാന്‍ പാക്കിസ്ഥാന്‍ അപേക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ യുദ്ധകാലടിസ്ഥാനത്തില്‍ പണം തിരികെ ചോദിച്ചത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയും അപമാനവുമായി മാറി. യുഎഇക്ക് പുറമെ ചൈനയോടും യുഎസിനോടും പാക്കിസ്ഥാന് വന്‍ കടങ്ങളുണ്ട്. 

ENGLISH SUMMARY:

Pakistan's relationship with the UAE is strained due to its soft approach towards Iran. The UAE has demanded immediate repayment of a $3.5 billion loan, posing a significant challenge to Pakistan's struggling economy.