ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമൊപ്പം ചേരാന്‍ യുഎഇ തയാറെടുക്കുന്നുവെന്ന് അറബ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് വാസ്തവമെങ്കില്‍ ഇറാനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന ആദ്യ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യം കൂടിയാകും യുഎഇ. ബലപ്രയോഗം നടത്തിയാണെങ്കിലും ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നാണ് യുഎഇ നിലപാടെന്നാണ് നയതന്ത്രജ്ഞര്‍ യുഎസിനെ ധരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. യുഎസിലെയും യൂറോപ്പിലെയും ഏഷ്യയിലെയും സൈനികശക്തികള്‍ സംഘടിച്ച് സംയുക്തമായി ഇതിനായി പ്രവര്‍ത്തിക്കണമെന്നും യുഎഇയുടെ നിലനില്‍പ്പിനും രാജ്യാന്തര സമ്പദ് വ്യവസ്ഥ താഴെ വീഴാതിരിക്കാനും ഹോര്‍മുസ് തുറക്കേണ്ടത് അത്യാവശ്യമാണെന്നും യുഎഇ ഉന്നതര്‍ നിലപാടെടുത്തുവെന്നും ഇതിനായി യുഎന്‍ സുരക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരാന്‍ യുഎസിന്‍മേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. Also Read: ഇറാന്‍ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശനമില്ല
ഹോര്‍മുസ് തുറക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ യുഎഇക്ക് കഴിയുമെന്നും കടലില്‍ ഇറാന്‍ വിതറിയ മൈനുകള്‍ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്നും യുഎഇ പറയുന്നു. യുഎഇയില്‍ നിന്നും അരനൂറ്റാണ്ട് മുന്‍പ് ഇറാന്‍ പിടിച്ചെടുത്ത അബു മുസ ദ്വീപ് യുഎസ് തിരിച്ച് പിടിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
അതേസമയം, യുദ്ധം അവസാനിക്കാറായെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെയും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍കോ റുബിയോയുടെയും പ്രതികരണം. ടെഹ്റാന്‍ നേതൃത്വവുമായി സംസാരിക്കുകയാണെന്നും വൈകാതെ കരാറില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതുവെന്നും റുബിയോ വ്യക്തമാക്കി. പരമാവധി മൂന്നാഴ്ച, അതിനുള്ളില്‍ യുഎസ് സൈന്യം മടങ്ങുമെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. 'ഇറാന്‍ ഡീല്‍ ഉണ്ടാക്കണമെന്ന് പോലും എനിക്ക് നിര്‍ബന്ധമില്ല' എന്നും ട്രംപ് പിന്നീട് പ്രതികരിച്ചു.
യുഎസ് മുന്നോട്ട് വച്ച 15 ഇന പദ്ധതി ഇറാന്‍ നേരത്തേ തള്ളിയിരുന്നു. അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങളാണ് സമാധാനക്കരാറിനായി മുന്നോട്ട് വച്ചതെന്നും ഇറാനല്ല യുദ്ധം തുടങ്ങിയതെന്നും എന്നാല്‍ സമാധാനത്തിലെത്തുന്നതിനോട് ഇറാന് വിരോധമില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഒരു ചര്‍ച്ചയിലും യുഎസിനെ തരിമ്പ് പോലും വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.