rahul-modi

കേന്ദ്രസര്‍ക്കാരിന്‍റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയിലാണ് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന്‍റെ വിമര്‍ശനങ്ങള്‍ക്ക് വന്‍ ജനപിന്തുണയും ലഭിക്കാറുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍  കേന്ദ്രത്തിനെതിരെ  നടത്തിയ വിമര്‍ശനങ്ങളില്‍ രാഹുലിനെതിരെ  രംഗത്തെത്തിയിരിക്കുകയാണ് നാല് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. വിട്ടുവീഴ്ചകള്‍ നിറഞ്ഞതാണ് മോദിയുടെ വിദേശനയം എന്നായിരുന്നു രാഹുലിന്‍റെ പ്രസ്താവന. 

എന്നാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ സ്വീകരിച്ചത് ഉത്തരവാദിത്തത്തോടെയുള്ള രാഷ്ട്രതന്ത്രമാണ് എന്നാണ് ശശി തരൂര്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ കേന്ദ്രനയത്തെ വിശേഷിപ്പിച്ചത്. യുദ്ധത്തെക്കുറിച്ച് ഒരു വാര്‍ത്താ ചാനല്‍ ചോദ്യം ചോദിക്കവെ സര്‍ക്കാര്‍ ശരിയായ കാര്യം ചെയ്യുന്നുണ്ടാകാമെന്നാണ് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി പ്രതികരിച്ചു. ഇതിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കേന്ദ്രം സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിന് പ്രശംസിക്കുകയാണ് ചെയ്തത്. 

 സംഘര്‍ഷത്തെ ഇന്ത്യ കൈകാര്യം ചെയ്തത് പക്വതയോടെയും വൈദഗ്ധ്യത്തോടെയുമെന്നായിരുന്നു ആനന്ദ് ശര്‍മ എക്സിലൂടെ കുറിച്ചത്. എല്‍പിജി ക്ഷാമം എടുത്തുപറഞ്ഞായിരുന്നു കമല്‍നാഥിന്‍റെ പരാമര്‍ശം. രാജ്യത്ത് എല്‍പിജി ക്ഷാമം നിലനില്‍ക്കുന്നെന്ന് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തവെ അത്തരമൊരു ക്ഷാമവുമില്ല, ക്ഷാമമുണ്ടെന്ന അന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു കമല്‍നാഥിന്‍റെ പ്രസ്താവന. 

കമല്‍നാഥിന്‍റെ പ്രസ്ഥാവന ബിജെപി ഉടന്‍തന്നെ രാഷ്ട്രീയ ആയുധമാക്കി. ക്ഷാമമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പോലും സമ്മതിച്ചിട്ടുണ്ടെന്ന് പോസ്റ്റിട്ടായിരുന്നു കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം. 

ഇതാദ്യമായല്ല രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരുന്നത്.  ഓപ്പറേഷന്‍ സിന്ദൂറിനിടെ 59 പാര്‍ലമെന്‍റ് അംഗങ്ങളടങ്ങുന്ന ഒരു സംഘത്തെ രൂപീകരിക്കുകയും അവരെ വിദേശരാജ്യങ്ങളിലേക്ക് അയക്കാനും മോദി സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു. കേന്ദ്രം പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ രാഹുല്‍ വിമര്‍ശനമുയര്‍ത്തുന്നതിനിടെയാണ് ഇതിന് വിരുദ്ധമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത്. തരൂരും തിവാരിയും സംഘത്തിലെ പ്രധാന അംഗങ്ങളായിരുന്നു. ഈ നയത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

Rahul Gandhi's criticism of the central government's actions is a significant focus, but senior Congress leaders have now publicly disagreed with his stance on the West Asia conflict. This divergence highlights internal party dynamics and differing perspectives on foreign policy.