train-attack

സ്റ്റേഷനിലേക്ക് കുതിച്ചെത്തുന്ന ട്രെയിന്‍. പ്ലാറ്റ്ഫോമില്‍ ഫോണില്‍ നോക്കി നില്‍ക്കുന്ന  ആ യുവാവ്.  പിന്നില്‍ കറുത്ത ഹൂഡി ധരിച്ച ഒരു അക്രമി. ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്നെ ഫോണില്‍ നോക്കിക്കൊണ്ടിരുന്ന യുവാവിനെ ട്രെയിനിന് മുന്നിലേക്ക് കറുത്ത വസ്ത്രധാരി പിടിച്ചുതള്ളി. യുഎസ് വാഷിങ്ടണ്‍ സ്റ്റേറ്റിലെ സിയാറ്റിലിലാണ്  സംഭവം. 

ആഞ്ഞു തള്ളിയെങ്കിലും  യുവാവ് പാളത്തില്‍ വീഴുന്നതിനുമുന്നേ  നിന്നു.  ട്രെയിന്‍ യുവാവിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ മുന്നോട്ട് പോയി. നിലതെറ്റി മുന്നോട്ട്  വീഴാന്‍ തുനിഞ്ഞ യുവാവ് ഉടന്‍ തന്നെ ട്രെയിനിനടുത്ത് നിന്നും പിന്നോട്ടാഞ്ഞു. എന്നാല്‍ പിന്നിലെ കറുത്ത വസ്ത്രം ധരിച്ച യുവാവ് വീണ്ടും ഇയാളെ പിടിച്ച് തള്ളാന്‍ ശ്രമിക്കുകയായിരുന്നു. 

കടന്നുപോകുന്ന ട്രെയിനിനെ തട്ടി തട്ടിയില്ല എന്ന നിലയില്‍ മൂന്നോ നാലോ തവണ യുവാവിനെ അക്രമി പിടിച്ചുതള്ളി. എന്നാല്‍ കായികശേഷി കൊണ്ട് യുവാവ് പ്രതിരോധിക്കുകയായിരുന്നു. ഇതോടെ തനിക്ക് ജയിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ അക്രമി ഓടിരക്ഷപ്പെട്ടു. അക്രമിക്ക് പിന്നാലെ യുവാവ് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.  

മാര്‍ച്ച് 19നാണ് സംഭവം നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സിയാറ്റില്‍ പൊലീസ് പുറത്തുവിട്ടത്. കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ചു. നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ എലീസിയോ മെലെന്‍ഡാസ് എന്ന യുവാവാണ് ആക്രമി എന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മെലെന്‍ഡാസിനെ സമീപത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കണ്ടെത്തി. ആരോപണം മെലെന്‍ഡാസ് നിഷേധിച്ചെങ്കിലും മുറിയില്‍ നിന്നും ആക്രമണ സമയത്ത് ധരിച്ചിരുന്ന കറുത്ത ഹൂ‍‍ഡിയും ഷൂസും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. 

2019ല്‍ ഗാര്‍ഹികപീഡന, ആക്രമണ കേസുകളില്‍ പ്രതിയായ ആളായിരുന്നു മെലെന്‍ഡാസ്. എന്നാല്‍ മെലെന്‍ഡാസിന്‍റെ മാനസിക നില തകരാറിലാണ് എന്ന പ്രതിഭാഗത്തിന്‍റെ വാദത്തില്‍ ഇയാളെ വെറുതെ വിടുകയായിരുന്നു. തുടര്‍ന്ന് 2022വരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്നു മെലെന്‍ഡസ്. 

ENGLISH SUMMARY:

Seattle train attack: A young man was pushed onto train tracks in Seattle, Washington state, by an attacker in a black hoodie just before a train arrived. The victim narrowly escaped serious injury and the attacker was later apprehended by police.