അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ തൽസ്ഥാനത്തുനിന്ന് പുറത്താക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബോണ്ടിയുടെ പ്രകടനം മോശമാണെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ട്രംപിന്റെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന ബോണ്ടിയുടെ പുറത്താകൽ യുഎസ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ട്രംപിന്റെ കടുത്ത അനുയായിയായിരുന്നിട്ടും നിരവധി വിവാദങ്ങളാണ് ബോണ്ടിയുടെ കാലാവധിയിൽ ഉയർന്നുവന്നത്. ജെഫ്രി എപ്‌സ്റ്റീന്റെ ലൈംഗിക കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്തതിലെ പാളിച്ചകൾ ബോണ്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ ഫയലുകളെക്കുറിച്ച് നടത്തിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് പ്രതിഷേധത്തിന് കാരണമായി.
നീതിന്യായ വകുപ്പിനെ ട്രംപിന്റെ രാഷ്ട്രീയ ശത്രുക്കളെ വേട്ടയാടാനുള്ള ആയുധമാക്കി മാറ്റിയെന്ന ഗുരുതരമായ ആരോപണം ഡെമോക്രാറ്റുകൾ ബോണ്ടിക്കെതിരെ ഉന്നയിച്ചിരുന്നു. ജെയിംസ് കോമി, ലെറ്റീഷ്യ ജെയിംസ് തുടങ്ങിയവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ബോണ്ടിയുടെ നടപടി വലിയ വിമർശനങ്ങൾ വിളിച്ച് വരുത്തി.
ബോണ്ടിയുടെ നേതൃത്വത്തിന് കീഴിൽ നീതിന്യായ വകുപ്പിൽ അഭൂതപൂർവമായ പ്രതിസന്ധികളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ട്രംപിനോട് വിശ്വസ്തത പുലർത്തുന്നില്ലെന്ന് ആരോപിച്ച് നിരവധി മുതിർന്ന പ്രോസിക്യൂട്ടർമാരെ അവർ പുറത്താക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് കരിയർ ജീവനക്കാർ രാജിവെച്ചൊഴിഞ്ഞത് വകുപ്പിന്റെ പ്രവർത്തനങ്ങളെ താളംതെറ്റിച്ചു.
തന്റെ രാഷ്ട്രീയ എതിരാളികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ആവശ്യങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നില്ല എന്നതിൽ ട്രംപ് അക്ഷമനായിരുന്നതായി സൂചനകളുണ്ട്. "ഇനി വൈകാൻ കഴിയില്ല, ഇത് നമ്മുടെ വിശ്വാസ്യതയെ ബാധിക്കുന്നു" എന്ന് മുൻപ് ട്രംപ് ബോണ്ടിയോട് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ, പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്ന വിലയിരുത്തലിൽ ട്രംപ് അവരെ പുറത്താക്കുകയായിരുന്നു. മാറ്റ് ഗേറ്റ്‌സ് പിന്മാറിയതിനെത്തുടർന്നാണ് പാം ബോണ്ടി അറ്റോർണി ജനറൽ സ്ഥാനത്തെത്തിയത്.