യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനൊപ്പം ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ചൈന നല്‍കിയ സമ്മാനങ്ങള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. സ്റ്റാഫ് ബേണർ ഫോണുകൾ, ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, ചൈന നൽകിയ ലാപെൽ പിന്നുകൾ, സമ്മാനങ്ങള്‍ എന്നിവയാണ് യു.എസ് ഉദ്യോഗസ്ഥരും വൈറ്റ് ഹൗസ് റിപ്പോർട്ടർമാരും ഒഴിവാക്കിയത്. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് എയര്‍ ഫോഴ്സ് വണ്ണിന് സമീപമൊരുക്കിയ ബിന്നില്‍ ഇവ ഉപേക്ഷിക്കുകയായിരുന്നു.  

ചൈനയില്‍ നിന്നുള്ള ഒന്നും വിമാനത്തില്‍ അനുവദനീയമല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്‍റെ വൈറ്റ് ഹൗസ് ലേഖകന്‍ എമിലി ഗോഡിന്‍ എക്സില്‍ കുറിച്ചു. എയര്‍ഫോഴ്സ് വണ്ണിലേക്ക് കയറുന്നതിന് മുന്‍പ് ചൈന നല്‍കിയ വസ്തുക്കളെല്ലാം ഉപേക്ഷിച്ചതായും അവര്‍ എഴുതി. യാത്രയ്ക്ക് മുന്‍പും ഇത്തരം മുന്നൊരുക്കമുണ്ടായി. ചൈനയിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണ്‍ അടക്കം എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടില്‍ തന്നെ സൂക്ഷിച്ചു. ക്ലീന്‍ ബര്‍ണര്‍ ഫോണുകളാണ് (താൽക്കാലിക ഉപയോഗത്തിനുള്ള ഫോണുകൾ) എന്നുമാണ് റിപ്പോര്‍ട്ട്. 

സന്ദര്‍ശന സമയത്ത് പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ ലാപ്ടോപ്പ് ഉപയോഗം കുറയ്ക്കുകയും മെസേജിങ് ആപ്പുകള്‍ ഒഴിവാക്കുകയും ചെയ്തു. ചൈനയുടെ സൈബര്‍ നിരീക്ഷണ ശേഷിയെക്കുറിച്ചുള്ള യു.എസിന്‍റെ ആശങ്കകളെയാണ് ഇതിനു പിന്നില്‍. ഇലക്ട്രോണിക് ഉപകരണങ്ങള്‍ രഹസ്യാന്വേഷണത്തിനോ നിരീക്ഷണത്തിനോ ഉപയോഗിക്കപ്പെട്ടേക്കാം എന്നാണ് യു.എസ് ഭയപ്പെടുന്നത്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായാണ് സന്ദര്‍ശനമെങ്കിലും സുരക്ഷയെ ചൊല്ലി യു.എസ്–ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി ദിഹില്‍ റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ്ങിലെ 'ടെംപിൾ ഓഫ് ഹെവനിലേക്ക്' യു.എസ് മാധ്യമ സംഘത്തെ അനുഗമിച്ചിരുന്ന യു.എസ് സീക്രട്ട് സര്‍വീസ് ഏജന്‍റിനെ ചൈനീസ് ഉദ്യോഗസ്ഥര്‍ കടത്തിവിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി കൈത്തോക്ക് കൈവശം വെച്ചതാണ് കാരണം, ഇത് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കത്തിന് കാരണമായതായും റിപ്പോര്‍ട്ടുണ്ട്. 

ENGLISH SUMMARY:

US officials and White House reporters have reportedly refused gifts from China during President Donald Trump's official visit, citing concerns over cyber surveillance and security. Electronic devices were also left behind as a precautionary measure against potential monitoring.