അമേരിക്കയിലെ ടെക്സസില്‍ എണ്ണ ശുദ്ധീകരണശാലയിൽ വന്‍ സ്ഫോടനമെന്ന് റിപ്പോര്‍ട്ട്. ഹൂസ്റ്റണിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെയുള്ള പോർട്ട് ആർതറിലെ വലേറോ റിഫൈനറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളപായമില്ലെന്ന് മേയർ ഷാർലറ്റ് എം. മോസസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുള്ളതായും തീ അണയ്ക്കാന്‍ ശ്രമം തുടരുന്നതുമായാണ് റിപ്പോര്‍ട്ട്.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റിഫൈനറിയിൽ നിന്ന് വലിയ തോതിൽ പുകയും തീജ്വാലകളും പുറത്തേക്ക് വരുന്നതായി ഈ ദൃശ്യങ്ങളില്‍ കാണാം. വലിയ ശബ്ദം കേട്ടതായും ഭൂചലനം ഉണ്ടായതുപോലെ തോന്നിയതായും പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാനും ജനാലകളും വാതിലുകളും അടച്ചിടാനും ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ് പാലിക്കാനും അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി, ജെഫേഴ്സൺ കൗണ്ടി ഉദ്യോഗസ്ഥർ സ്റ്റേറ്റ് ഹൈവേ 82, 87 എന്നിവ അടയ്ക്കുകയും ചെയ്തു.
ഇറാൻ യുദ്ധം മൂലം ആഗോള എണ്ണ വിതരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് എണ്ണ ശുദ്ധീകരണ ശാലയിലെ സ്ഫോടനം. റിഫൈനറിയുടെ വെബ്സൈറ്റ് പ്രകാരം പ്രതിദിനം ഏകദേശം 4,35,000 ബാരൽ എണ്ണ ഇവിടെ സംസ്‌കരിക്കാൻ കഴിയും. അസംസ്കൃത എണ്ണയെ ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയാക്കി ശുദ്ധീകരിക്കുന്നതായും വെബ്സൈറ്റ് പറയുന്നു. ഏകദേശം 770 ജീവനക്കാരാണ് റിഫൈനറിയിലുള്ളത്.