ഇറാനെ ആക്രമിക്കുന്നതിന് 48 മണിക്കൂർ മുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്. ഈ സംഭാഷണത്തിലാണത്രേ ഇറാനെതിരായ യുഎസ്- ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിന് ട്രംപ് പച്ചക്കൊടി വീശിയത്. യുദ്ധം ആരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയെന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയും സഹായികളും ടെഹ്റാനിലെ വസതിയില്‍ യോഗം ചേരുമെന്ന കൃത്യമായ വിവരം ഇസ്രയേലിനും യുഎസിനുമുണ്ടായിരുന്നത്രേ.
ശനിയാഴ്ച രാത്രിയായിരുന്നു ടെഹ്‌റാനിൽ ഖമനയിയുടേയും സഹായികളുടേയും കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് കൂടിക്കാഴ്ച ശനിയാഴ്ച രാവിലത്തേക്ക് മാറ്റി. ഈ വിവരം ലഭിച്ചതോടെയാണ് ഇരു നേതാക്കളും ഫോണിൽ ബന്ധപ്പെടുന്നത്. അതേസമയം, ഫോണ്‍കോളിന് മുന്‍പേ ഇറാനെതിരായ യുഎസ് സൈനിക നടപടിക്ക് ട്രംപ് അംഗീകാരം നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്, എന്നാൽ എപ്പോൾ എങ്ങനെ ഇടപെടണം എന്ന് അമേരിക്ക തീരുമാനിച്ചിരുന്നില്ല. 2024 ല്‍ ട്രംപ് സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ വധിക്കാന്‍ ഇറാന്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന ശ്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യാനുള്ള അവസരമാണിതെന്ന് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയെന്നും റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസിനും ഇസ്രയേലിനും ഇതിലും നല്ല അവസരം ഒരിക്കലും ലഭിക്കില്ലെന്ന് നെതന്യാഹു ട്രംപിനോട് പറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. ഇതുവഴി ഖമനയിയുടെ ഭരണകൂടത്തെ ഇല്ലാതാക്കി ചരിത്രം സൃഷ്ടിക്കാമെന്നും ഖമനയി ഭരണത്തില്‍ അസ്വസ്ഥരായ ജനം തെരുവിലിറങ്ങാൻ സാധ്യതയുണ്ടെന്നും നെതന്യാഹു വാദിച്ചു. ഫെബ്രുവരിയിൽ നെതന്യാഹു അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയെക്കുറിച്ച് ട്രംപിനോട് വിശദീകരിച്ചിരുന്നു. ഇറാൻ അമേരിക്കയെ വരെ ആക്രമിക്കാനുള്ള കഴിവ് നേടിയേക്കാമെന്നാണ് അന്ന് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയത്. അതേസമയം, നെതന്യാഹുവിന്‍റെ വാദം ട്രംപിനെ എങ്ങനെ സ്വാധീനിച്ചുവെന്ന് വ്യക്തമല്ല.
ട്രംപിന്‍റെയും നെതന്യാഹുവിന്‍റെയും ഈ ഫോണ്‍ സംഭാഷണത്തിന് ആഴ്ചകൾക്ക് മുമ്പ് തന്നെ മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് ഒരു സൈനിക നടപടിക്ക് യുഎസ് തയ്യാറെടുക്കാൻ തുടങ്ങിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് നിശ്ചയിച്ചിരുന്ന ആക്രമണം മോശം കാലാവസ്ഥ കാരണം മാറ്റിവയ്ക്കുകയായിരുന്നു. സൈനിക നടപടിയുമായി മുന്നോട്ടുപോകാനിരിക്കെയാണ് നെതന്യാഹുവിന്‍റെ ഫോണ്‍ കോള്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന് ഒരിക്കലും ആണവായുധം നേടാൻ കഴിയില്ലെന്ന് ഉറപ്പാക്കുക ബാലിസ്റ്റിക് മിസൈലുകളുടെ ഉത്പാദനശേഷി നശിപ്പിക്കുക എന്നിവയായിരുന്നു ആക്രമണത്തിന്‍റെ ലക്ഷ്യമെന്നായിരുന്നു വൈറ്റ് ഹൗസ് വാദിച്ചിരുന്നത്. ആക്രമിക്കാനുള്ള തീരുമാനം തന്‍റേത് മാത്രമാണെന്ന് ട്രംപ് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷത്തിലേക്ക് അമേരിക്കയെ വലിച്ചിഴച്ചത് ഇസ്രയേൽ ആണെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകൾ ഇസ്രായേലും നിഷേധിക്കുന്നുണ്ട്. ‘ട്രംപിനോട് എന്തുചെയ്യണമെന്ന് ആരെങ്കിലും പറയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്നാണ് നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
TOPSHOT - Israeli Prime Minister Benjamin Netanyahu gives a press conference in Jerusalem on March 19, 2026. (Photo by Ronen Zvulun / POOL / AFP) /
റിപ്പോർട്ടുകള്‍ അനുസരിച്ച്, രണ്ട് കാര്യങ്ങളാണ് ഇറാനെ ആക്രമിക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത്. ഒന്നാമത്തേത് ജനുവരി 3 ന് വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയ ഓപ്പറേഷനായിരുന്നു. ഈ ഓപ്പറേഷനില്‍ ഒരു അമേരിക്കൻ സൈനികനും ജീവഹാനി ഉണ്ടായിയില്ല എന്നതും ദീർഘകാല ശത്രുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാന്‍ സാധിച്ചതും ട്രംപിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. മറ്റൊന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളായിരുന്നു. പ്രതിഷേധക്കാരെ, സര്‍വ്വോപരി ഇറാന്‍ ജനതയെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ട്രംപ് രംഗത്തെത്തുന്നതും.
Image Credit:AFP
നെതന്യാഹുവും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് മുമ്പ് ഫെബ്രുവരി 24 ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ട്രംപ് ഭരണകൂടത്തിലെ ഉന്നത നേതാക്കളില്‍ ചിലരോട് യുഎസ് പങ്കെടുത്താലും ഇല്ലെങ്കിലും ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും ഇറാൻ യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്നും പറഞ്ഞതായി റിപ്പോർട്ടുണ്ട്. ദിവസങ്ങള്‍ക്കകം ഫെബ്രുവരി 28 ശനിയാഴ്ച രാവിലെയാണ് ഇറാനിൽ ആദ്യത്തെ ബോംബാക്രമണം ഉണ്ടായത്. അന്ന് വൈകുന്നേരം ഖമനയി മരിച്ചതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.