അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 5 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് തിരിച്ചടി ഭയന്നാണെന്ന് ഇറാന്‍. ഹോര്‍മുസ് തുറന്നില്ലെങ്കില്‍, ഊര്‍ജകേന്ദ്രം ആക്രമിക്കുമെന്ന അമേരിക്കയുടെ അന്ത്യശാസനത്തിന് ഇറാന്‍ അതേ നാണയത്തിലാണ് മറുപടി നല്‍കിയത്. തങ്ങളുടെ ഊര്‍ജ കേന്ദ്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, ഇസ്രയേലിലെയും ഗള്‍ഫിലെയും ഊർജകേന്ദ്രങ്ങളും ജല ശുദ്ധീകരണ ശാലകളും തകര്‍ത്തിരിക്കുമെന്നായിരുന്നു ഇറാന്‍റെ ഭീഷണി. അതിന് പിന്നാലെയാണ് ട്രംപ് വെടിനിര്‍ത്തലുമായെത്തിയത്. ഇറാന്‍റെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ട്രംപ്.
അമേരിക്ക നിലപാട് മയപ്പെടുത്തിയതോടെ സംഘർഷത്തിന് അയവു വന്നേക്കും എന്നാണ് ലോക രാജ്യങ്ങളുടെ കണക്കുകൂട്ടല്‍. ഒരുമാസം നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം അമേരിക്ക തന്നെ മുന്നോട്ട് വെയ്ക്കുന്നത്. സമുദ്ര ജല ശുദ്ധീകരണ ശാലകൾ തകര്‍ക്കുമെന്ന ഇറാന്റെ ഭീഷണിയും അമേരിക്കയെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവും.
ഖത്തറിലും ബഹ്റൈനിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ 100 ശതമാനവും, യുഎഇയിൽ 80 ശതമാനവും സൗദി അറേബ്യയിൽ 50 ശതമാനവും ലഭിക്കുന്നത് കടലിലെ ജലം ശുദ്ധീകരിക്കുന്ന പ്ലാന്റുകളിൽ നിന്നാണ്.
മധ്യ പൂർവേഷ്യയിലെ യുദ്ധ പ്രതിസന്ധി അപകടകരമാണെന്ന് രാജ്യാന്തര ഊർജ ഏജൻസി (ഐഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്കയോ ഇസ്രയേലോ തകർത്താൽ അത് വീണ്ടും നിര്‍മ്മിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതും വെടി നിര്‍ത്തലിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഇറാന്‍ അനുവദിക്കുന്നവര്‍ക്ക് മാത്രമാണ് കടലിടുക്കിലൂടെ പോകാന്‍ സാധിക്കുള്ളൂ. അല്ലാത്ത കപ്പലുകളെ ഇറാന്‍ ആക്രമിക്കുകയാണ്. ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ഹോര്‍മുസ് പൂര്‍ണമായും അടയ്ക്കുമെന്നും നിലവില്‍ ഇറാന്‍റെ ശത്രുക്കള്‍ അല്ലാത്ത എല്ലാവരെയും ഹോര്‍മൂസിലൂടെ കടത്തിവിടുന്നുണ്ടെന്നുമാണ് ഇറാന്‍ നിലപാട്.