എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഇറാന്‍റെ തീരത്തോ ദ്വീപുകളിലോ ആക്രമണത്തിന് ശ്രമം ഉണ്ടായാല്‍ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതറുമെന്ന ഭീഷണിയുമായി ഇറാന്റെ നാഷണൽ ഡിഫൻസ് കൗണ്‍സില്‍. ഇത്തരമൊരു നീക്കമുണ്ടായാല്‍ പേർഷ്യൻ ഉൾക്കടലിലെ കപ്പൽ ഗതാഗതം പൂര്‍ണമായും സ്തംഭിക്കാം. ഈ നീക്കം ഗൾഫ് ഷിപ്പിങ് റൂട്ടുകളെ മാത്രമല്ല പേർഷ്യൻ ഗൾഫിലെ ആശയവിനിമയമാർഗങ്ങളെയും തടസ്സപ്പെടുത്തും.
തീരത്ത് നിന്ന് വിന്യസിക്കാവുന്ന ഫ്ലോട്ടിങ് മൈനുകൾ ഉൾപ്പെടെ ഉപയോഗിക്കും എന്നാണ് ഇറാന്‍റെ ഭീഷണി. ഇതോടെ പേർഷ്യൻ ഉൾക്കടൽ മേഖലയും ഹോർമുസ് കടലിടുക്ക് പോലെയാകുമെന്നും ഇറാൻ മുന്നറിയിപ്പിൽ പറയുന്നു. 1980 കളിൽ കടൽ മൈനുകൾ നീക്കം ചെയ്യാന്‍ നൂറോളം മൈന്‍ സ്വീപ്പര്‍മാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടത് ആരും മറക്കരുതെന്നും ഇറാന്‍ ഓര്‍മിപ്പിച്ചു.
യുഎസ് തങ്ങളുടെ നാവികസേനയെ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ വിന്യസിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇറാന്‍ പ്രസ്താവന പുറത്തിറക്കിയത്. ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കുമായി വീണ്ടും തുറക്കാൻ ഇറാനെ നിര്‍ബന്ധിതരാക്കുന്നതിനായി ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനോ ഉപരോധിക്കാനോ ഉള്ള പദ്ധതികൾ യുഎസ് പരിഗണിക്കുന്നുണ്ടെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു കരയുദ്ധം പോലും നടന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയും ഇറാനില്‍ ആക്രമണം രൂക്ഷമാക്കുകയാണ് ഇസ്രയേല്‍. ഇസ്ഫഹാന്‍, ഖോറംഷഹ്ര്‍ ഊര്‍ജകേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായെന്ന് ഇറാന്‍ പറഞ്ഞു. ബഹ്റൈനിലും കുവൈത്തിലും ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സമാധാനത്തിലേക്കെത്താന്‍ ഇറാന് ഒരവസരം കൂടി നല്‍കാമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനെതിരെ ആക്രമണം തുടങ്ങുന്നതിന് 48മണിക്കൂര്‍ മുന്‍പ് നെതന്യാഹുവും ട്രംപും ഫോണില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. യുദ്ധം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയെന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അല്‍ ഖമനായിയും സഹായികളും ഉടന്‍ ടെഹ്റാനിലെ വസതിയില്‍ യോഗം ചേരുമെന്ന കൃത്യം വിവരം ഇസ്രയേലിനും യുഎസിനുമുണ്ടായിരുന്നു.
2024ല്‍ ട്രംപ് സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ വധിക്കാന്‍ ഇറാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യാനുള്ള അവസരമാണിതെന്ന് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരായ സൈനീക നടപടിക്ക് ട്രംപ് മുന്നേ തന്നെ അംഗീകാരം നല്‍കിയിരുന്നുവെന്നും ആഴ്ചകള്‍ക്ക് മുന്‍പേ മേഖലയില്‍ യുഎസ് സൈന്യം മേഖലയില്‍ തമ്പടിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.