Untitled design - 1

ഇറാന്‍‌ സംഘര്‍ഷത്തിന് താല്‍ക്കാലിക ആശ്വാസമായി അ‍ഞ്ചുദിവസത്തെ  വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‌ക്രിയാത്മക ചര്‍ച്ചകള്‍ നടന്നതായും ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ ട്രംപിന്‍റേത് തിരിച്ചടി ഭയന്നുള്ള പിന്‍മാറ്റമെന്നും പോരാട്ടം തുടരുമെന്നും ഇറാന്‍ നേതൃത്വം പ്രതികരിച്ചു.

നേരത്തെ ഹോര്‍മുസ് തുറക്കാന്‍ ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ ഊര്‍ജകേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ട്രംപിന്റെ അന്ത്യശാസനത്തിന് അതേ നാണയത്തിലായിരുന്നു ഇറാന്‍റെ മറുപടി; ഇസ്രയേലിലെയും ഗള്‍ഫിലെയും ഊർജകേന്ദ്രങ്ങളും ജലശുദ്ധീകരണശാലകളും തകര്‍ക്കുമെന്ന് ഇറാന്‍ തിരിച്ചടിച്ചു. 

Also Read: 5 വര്‍ഷം മുന്‍പ് 'പൊളിച്ച് വിറ്റ' കപ്പല്‍ ഹോര്‍മുസിലൂടെ എണ്ണയുമായി കടന്നു! അമ്പരന്ന് ലോകം


സംഘർഷത്തിന് അയവു വരുത്താൻ തയാറായേക്കുമെന്ന സൂചന നൽകി ഒരു ദിവസം തികയും മുൻപാണ് ട്രംപിന്റെ ഭീഷണിയും ടെഹ്റാനു നേരെ രാത്രി നടന്ന ആക്രമണങ്ങളും.  യുഎസ് മറീനുകളും കപ്പലുകളും മേഖലയിലേക്ക് നീങ്ങി. അമേരിക്കയുടെ വമ്പന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് സൂയസ് കടലിടുക്ക്  വഴി നീങ്ങുന്ന ദൃശ്യവും പുറത്തുവന്നു. ഹിസ്ബുല്ല ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ പാടുപെടുന്ന സാഹചര്യം. നാലാഴ്ച നീണ്ട സംഘര്‍ഷം ഇനി എങ്ങോട്ടെന്ന് നിശ്ചയിക്കുന്ന നിര്‍ണായക മണിക്കൂറുകളിലായിരുന്നു താല്‍ക്കാലിക ആശ്വാസമായി   വെടിനിര്‍ത്തല്‍ പ്രഖ്യാപനം വരുന്നത്. 

സമുദ്രജല ശുദ്ധീകരണ ശാലകൾ പ്രധാന ലക്ഷ്യമാകുമെന്ന ഇറാന്റെ മുന്നറിയിപ്പ്   കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.  ബഹ്റൈനിലും ഖത്തറിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ 100 ശതമാനവും, യുഎഇയിൽ 80 ശതമാനത്തിലേറെയും സൗദി അറേബ്യയിൽ 50 ശതമാനവും ലഭിക്കുന്നത് കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളിൽ നിന്നാണ്. എണ്ണ വിപണിയും കടുത്ത ചാഞ്ചാട്ടത്തിലാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍  22 രാജ്യങ്ങൾ ഒന്നിച്ചു നീങ്ങുമെന്ന നാറ്റോ സെക്രട്ടറി ജനറലിന്റെ പ്രഖ്യാപനവും നടപ്പായി കണ്ടില്ല.   അതേസമയം, മധ്യപൂർവേഷ്യയിലെ പ്രതിസന്ധി 'വളരെ ഗുരുതര'മാണെന്ന് രാജ്യാന്തര ഊർജ ഏജൻസി (ഐഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ പറഞ്ഞു. 

വൈദ്യുത നിലയങ്ങൾ തകർത്താൽ  പുനർനിർമിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചിടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു  . ഇറാന്‍ അനുവദിക്കുന്നവര്‍ക്ക് കടലിടുക്കിലൂടെ പോകാമെന്നാണ് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ നിലപാട്. 

ഊര്‍ജപ്രതിസന്ധിയുടെ ആശങ്കകള്‍ക്കിടെ ആക്രമണപ്രത്യാക്രമണങ്ങളും തുടരുകയാണ്. ഇറാന്‍ ആക്രമണത്തില്‍  അബുദാബിയില്‍ മിസൈല്‍ അവശിഷ്ടം വീണ് ഇന്ത്യക്കാരന് പരുക്കേറ്റു. അബുദാബി അല്‍ഷവാമേഖ് പ്രദേശത്താണ് ആക്രമണം. പരുക്ക് ഗുരുതരമല്ലെന്ന് UAE പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം തകര്‍ത്തു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ജനവാസകേന്ദ്രങ്ങളിലടക്കം ഇസ്രയേല്‍ ആക്രമണത്തില്‍ ശക്തമായ സ്ഫോടനങ്ങളുണ്ടായി. ലബനനില്‍ തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഹിസ്ബുല്ല ഇസ്രയേലില്‍ ആക്രമണം കടുപ്പിച്ചു. 

ENGLISH SUMMARY:

Trump ceasefire announcement brings temporary relief to the Iran conflict. Creative discussions have taken place, and energy facilities will not be attacked, as stated by Trump.