kozhikode-medical-college

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവാവിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 77പേരെന്ന് കണ്ടെത്തി.  58 ആരോഗ്യപ്രവര്‍ത്തകരും 14 കുടുംബാംഗങ്ങളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 11പേര്‍ ഹൈ റിസ്ക് പട്ടികയിലെന്നും റൂട്ട് മാപ്പ് പുറത്തുവിടുമെന്നും ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. 

 പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധന ഫലവും പോസിറ്റീവായി. ഫാറൂഖ് കോളജ് സ്വദേശിയായ യുവാവ് ചികിത്സ തേടിയ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഒപിയിലെത്തിയ മുഴുവന്‍ പേരെയും ക്വാറന്‍റീനിലാക്കും. യുവാവിന് രോഗബാധയുണ്ടായത് ഗോഡൗണില്‍ നിന്നാണെന്നാണ് നിഗമനം. 

 

ബിസിനസുകാരനായ യുവാവ് ഗോഡൗണ്‍ ശുചീകരിച്ചതിന് പിന്നാലെയാണ് പനി തുടങ്ങിയത്. ആറാം തിയതി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീടിലേക്ക് മടങ്ങിയെങ്കിലും പനി ഭേദമാക്കാതെ വന്നതോടെ മാങ്കാവിലെ സ്വകാര്യാശുപത്രിയില്‍ കാണിച്ചു. ഇവിടെ നിന്നാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപയാണെന്ന് സ്ഥീരികരിക്കുകയായിരുന്നു. 

 

ഫാറൂഖ് കോളജ് പ്രദേശത്ത് അതീവജാഗ്രത നിര്‍ദേശം നല്‍കി. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും യുവാവിന്‍റെ ബന്ധുകളായ അഞ്ചുപേരുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. യുവാവ് ചികിത്സ തേടിയ രണ്ട് സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ക്വാറന്‍റീലാക്കി. ഒപിയില്‍ എത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. യുവാവ് ശുചീകരിച്ച ഗോഡൗണില്‍ നിന്നാകും രോഗബാധയുണ്ടായതെന്നാണ് നിഗമനം. ഇവിടെ വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

ENGLISH SUMMARY:

Nipah virus Kozhikode reports indicate a critical condition for a young man undergoing treatment at Kozhikode Medical College, with Pune Virology Institute confirming positive test results. Health authorities are implementing stringent quarantine measures for individuals who came into contact with the patient at private hospitals and are actively tracing others who visited the OPD.