Image credit:X/Marine Traffic

Image credit:X/Marine Traffic

അഞ്ച് വര്‍ഷം മുന്‍പ് ആക്രിക്ക് കൊടുത്തതായി രേഖകളിലുള്ള കപ്പല്‍ ഹോര്‍മുസിലൂടെ ക്രൂഡ് ഓയിലുമായി കടന്നുവെന്ന് ഷിപ് ട്രാക്കിങ് രേഖ! യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് 'പ്രേതക്കപ്പല്‍' ഹോര്‍മുസ് കടക്കുന്നത്. 'ദ് നബീന്‍' എന്ന കപ്പലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പേര്‍ഷ്യന്‍ കടലിടുക്കിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ഇത് ഒമാന്‍ കടലിടുക്കിലെത്തി. 

2002 ല്‍ നിര്‍മിച്ച 'നബീന്‍' പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ച് മാറ്റുന്നതിനായി അഞ്ച് വര്‍ഷം മുന്‍പ് ബംഗ്ലദേശിലേക്ക് മാറ്റിയിരുന്നുവെന്നാണ് രേഖകള്‍. ഇത്തരത്തില്‍ പൊളിച്ച് മാറ്റാന്‍ കൊണ്ടുപോയ കപ്പലുകളുടെ പേരില്‍ ഇന്ധനം കടത്താറുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ നബീന്‍ എന്ന വ്യാജപേരില്‍ സഞ്ചരിക്കുന്ന ഈ കപ്പല്‍ ഒരു സോംബി ടാങ്കറാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ പൊളിക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചതായി രേഖകളിലുള്ള ജമാല്‍ എന്ന എല്‍എന്‍ജി കപ്പല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഹോര്‍മുസ് കടന്നതിന് പിന്നാലെയാണ് ഈ സംഭവം. എന്നാല്‍ നബീന്‍ എന്ന പേരില്‍ കടന്ന് പോയ കപ്പലിന്‍റെ യഥാര്‍ഥ പേരോ, ക്രൂഡ് ഓയിലാണോ ഉള്ളിലുള്ളത് എന്നോ അപ്പോള്‍ സ്ഥിരീകരിക്കാന്‍ ബ്ലൂംബര്‍ഗിന് കഴിഞ്ഞിരുന്നില്ല. 

ഇന്ധന പ്രതിസന്ധി രൂക്ഷമായിരിക്കെ എണ്ണയെത്തിക്കാന്‍ എന്ത് മാര്‍ഗവും കപ്പലുടമകള്‍ സ്വീകരിക്കുമെന്നതിന്‍റെ ഉദാഹരണമാണിതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് പേര്‍ഷ്യന്‍ കടലിടുക്കിലെത്തിയ കപ്പലാണ് 'നബീന്‍'. ഖോര്‍ അല്‍ സുബൈറിലേക്കാണ് യാത്രയെന്നാണ് ഷിപ് ട്രാക്കിങ് ഡേറ്റയിലുള്ളത്. എന്നാല്‍ നിലവില്‍ എത്തിച്ചേരേണ്ട സ്ഥലം വ്യക്തമാക്കിയിട്ടുമില്ല. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുഹ്ത മാരിടൈം FZE, സഗിത മാരിടൈം കമ്പനി ലിമിറ്റഡ് എന്നിവയാണ് നബീന്‍റെ മാനേജരും ഉടമയുമായി രേഖകളിലുള്ളത്. രണ്ട് കമ്പനികള്‍ക്കും ഒരേ മേല്‍വിലാസവുമാണുള്ളത്. ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നും ഇമെയില്‍ വിലാസത്തില്‍ മെയില്‍ അയച്ചിട്ട് തിരിച്ചുവന്നുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോര്‍മുസ് പൂര്‍ണമായും തുറക്കണമെന്ന് ട്രംപ് അന്ത്യശാസനം നല്‍കിയിട്ടുണ്ടെങ്കിലും ഇറാന്‍ തള്ളിയിരുന്നു. ഹോര്‍മുസ് 48 മണിക്കൂറിനകം തുറന്നില്ലെങ്കില്‍ ഇറാന്‍റെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. 'നിങ്ങള്‍ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഞങ്ങളും തിരിച്ച് ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കും, ഗള്‍ഫ് രാജ്യങ്ങളുടെ വെള്ളം ശുദ്ധീകരണശാലകളും ആക്രമിക്കും' എന്നായിരുന്നു ഇറാന്‍റെ മറുപടി. ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്ന പക്ഷം ഹോര്‍മുസ് പൂര്‍ണമായും അടയ്ക്കുമെന്നും നിലവില്‍ ഇറാന്‍റെ ശത്രുക്കള്‍ അല്ലാത്ത എല്ലാവരെയും ഹോര്‍മുസിലൂടെ കടത്തിവിടുന്നുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി.

ENGLISH SUMMARY:

A major security breach in maritime records as 'Naveen,' a ship officially scrapped five years ago, was spotted transporting crude oil through the Strait of Hormuz. Following the sighting of the LNG carrier 'Jamal,' this 'zombie tanker' is suspected to be part of a shadow fleet bypassing war-zone sanctions. Authorities are investigating Dubai-based managers as President Trump’s 48-hour ultimatum on Hormuz nears its end.