ഇന്ന് വേള്‍ഡ് പപ്പി ഡേയാണ്. ആദിമകാലം മുതലേ മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണല്ലോ നായകള്‍. സ്നേഹിച്ചാല്‍ പ്രാണന്‍ കൊടുത്തും കൂടെ നില്‍ക്കുന്നവര്‍ . ഏറ്റവും വിശ്വസ്തര്‍. അവര്‍ക്ക് നമ്മളോട് മാത്രമല്ല, തിരിച്ച് നമുക്ക് അങ്ങോട്ടും കടമകളുണ്ട് എന്ന് ഓര്‍മിപ്പിക്കാനാണ് ഈ ദിനം.
വീടിന് പുറത്ത് കൂട്ടില്‍ ചങ്ങലയില്‍ കിടന്നിരുന്ന കാലമെല്ലാം കഴിഞ്ഞു. ഇപ്പോള്‍ വീടിന്റെ പരമാധികാരികള്‍ ഇവരാണ്. താരാട്ടുപാടാനും താളംപിടിക്കാനും അച്ഛനും അമ്മയുമുണ്ട്. കൂട്ടിന് രണ്ടു കാലില്‍ നടക്കുന്ന സഹോദരങ്ങളുണ്ട്. പട്ടിയെന്ന് ആരും വിളിക്കരുത്. നമ്മളേക്കാള്‍ നല്ല സ്റ്റൈലന്‍ പേരാണ് അവര്‍ക്കുള്ളത്.
കുരുത്തക്കേടുകള്‍ ഒരുപാട് കാണിക്കുമെങ്കിലും ആ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ഹൃദയം അലിഞ്ഞു പോകാറില്ലേ. അതിന് പിന്നില്‍ ശാസ്ത്രീയ വശമുണ്ടത്രേ. നായ്ക്കുഞ്ഞുങ്ങളുടെ കാണുമ്പോള്‍ നമ്മുടെ തലച്ചോറില്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുളള അതേ വാല്‍സല്യം ഉണരുകയും സന്തോഷം നല്‍കുന്ന ഡോപ്പമിന്‍ ഉണ്ടാവുകയും ചെയ്യും. ഉപാധികളില്ലാതെയുള്ള അവരുടെ സ്നേഹം വിഷാദരോഗമുള്ളവര്‍ക്ക് വലിയൊരു ആശ്വാസമാണ് ഒരു നായ്ക്കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് വലിയ ഉത്തരാവാദിത്തമാണ്. അതൊരു കളിപ്പാട്ടമല്ലെന്നും കുടുംബാംഗം തന്നെയാണെന്നുമുള്ള ബോധം എപ്പോഴും ഉണ്ടാവണം. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ അത് സമയമെടുത്തേക്കാം. ക്ഷമയോടെ കാത്തിരിക്കണം. ചെറിയ അസുഖങ്ങള്‍ പോലും അവഗണിക്കാതെ കൃത്യമായി ചികില്‍സ നല്‍കുക. പ്രായത്തിന് അനുയോജ്യമായ ഭക്ഷണങ്ങള്‍ നല്‍കണം. മനുഷ്യര്‍ക്ക് എന്ന പോലെ അവര്‍ക്കും വ്യായാമം അത്യാവശ്യമാണ്.
രോഗം ബാധിച്ചതും പ്രായം കൂടിയതുമായ, വിലകൂടിയ ബ്രീഡുകളെ പലപ്പോഴും നമ്മുടെ തെരുവോരങ്ങളില്‍ കാണാം. സ്നേഹിച്ചു മടുത്ത ഉടമകള്‍ ഉപേക്ഷിച്ചതാണ് അവയെ. എന്റെ ആളുകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അവ മരണം വരെ കാത്തിരിപ്പ് തുടരും . ഉപേക്ഷിച്ചവര്‍ ഒരിക്കലും അറിയില്ല, അവര്‍ കൈവിട്ടത്, വലിയൊരു വിശ്വാസത്തെയും നിറഞ്ഞ ഹൃദയത്തേയുമാണെന്ന്.