യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുളള ചര്‍ച്ചകള്‍ സൈബറിടത്ത് ചൂടുപിടിക്കുകയാണ്.  അതിന് കാരണം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ട്രംപിന്‍റെ ചില വിഡിയോ ക്ലിപ്പുകളാണ്. ചർമ്മത്തിൻ്റെ നിറത്തിലെ മാറ്റങ്ങൾ, നീരുവച്ച് വീര്‍ത്ത കണങ്കാലുകള്‍ തുടങ്ങിയവ നേരത്തെ തന്നെ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിരുന്നാലും യുഎസ് വ്യോമസേനാ വിമാനത്തിൽ നിന്ന് പടികളിറങ്ങിവരുന്ന ട്രംപിന്‍റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ചര്‍ച്ചകളും സജീവമായത്.

മാര്‍ച്ച് 21ന് ട്രംപ് ഫ്ലോറിഡയില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഇതില്‍ വിമാനത്തിന്‍റെ പടികളിറങ്ങാന്‍ ട്രംപ് ബുദ്ധിമുട്ടുന്നത് വ്യക്തമാണ്. വളരെ സൂക്ഷിച്ചാണ് വിഡിയോയില്‍ ട്രംപ് പടികള്‍ ഇറങ്ങുന്നത്. കൂടാതെ വേഗത കുറച്ച് അല്‍പം ശ്വാസമെടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട സോഷ്യല്‍മീഡിയ ഉപയോക്താക്കളില്‍ ഒരു വിഭാഗം ട്രംപിന്‍റെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. മറ്റു ചിലര്‍ ഇത്തരം കാര്യങ്ങളില്‍ വലിയ അതിശയോക്തിയുടെ ആവശ്യമില്ലെന്ന നിലപാടാണ് കമന്‍റിലൂടെ വ്യക്തമാക്കിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മറ്റൊരു വിഡിയോയും ട്രംപിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് കാരണമായി.  ട്രംപ് കസേരയില്‍ ഇരിക്കുമ്പോള്‍ ശാരീരിക അസ്വാസ്ഥ്യം മുഖത്ത് പ്രതിഫലിക്കുന്നത് വ്യക്തമാണെന്ന് വിഡിയോ കണ്ടവരില്‍ പലരും അഭിപ്രായപ്പെട്ടു. ട്രംപിന് വയ്യേ? എന്തെങ്കിലും അസുഖം പ്രസിഡന്‍റിനെ ബാധിച്ചോ? അദ്ദേഹം ചികില്‍സയിലാണോ തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ആ വിഡിയോയ്ക്ക് ലഭിച്ചത്. 

അതേസമയം ഇത്തരത്തിലുളള ചര്‍ച്ചകളോടോ ആരോഗ്യാവസ്ഥയെക്കുറിച്ചുളള വാദങ്ങളോടോ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻ വൈറ്റ് ഹൗസ് ഡോക്ടർ റോണി ജാക്സൺ നടത്തിയ മെഡിക്കൽ വിലയിരുത്തലുകളെ ട്രംപ് പലപ്പോഴും പരാമര്‍ശിക്കാറുണ്ട്. ആരാണ് ഏറ്റവും ആരോഗ്യവാനായ പ്രസിഡന്റ് എന്നുളള ചോദ്യത്തിന് 'വളരെ മുന്നിലാണ് ട്രംപ്, അദ്ദേഹത്തിന് സമം ആരുമില്ല' എന്നായിരുന്നു ഡോക്ടര്‍ റോണിയുടെ മറുപടിയെന്നും ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Donald Trump's health is a hot topic online, fueled by recent video clips showing potential health concerns. These clips have led to widespread discussion and speculation among social media users and health experts regarding the US President's well-being.