Image credit: AP/ x
ഇറാനെ ആക്രമിച്ചതില്‍ അമേരിക്കയ്ക്ക് പിഴച്ചുവെന്ന് വെളിപ്പെടുത്തി സിഐഎ മുന്‍ തലവന്‍ ലിയോണ്‍ പനേറ്റ. അമേരിക്കയും ലോകവും ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് ഉത്തരവാദി പ്രസിഡന്‍റ് ട്രംപ് മാത്രമാണെന്നും പുറത്തിറങ്ങാനോ, വെടിനിര്‍ത്തലിനോ, ചര്‍ച്ചയ്ക്കോ കഴിയാത്തൊരു യുദ്ധത്തിലാണ് അമേരിക്കന്‍ സൈന്യം ഇപ്പോഴുള്ളതെന്നും പനേറ്റ തുറന്ന് പറയുന്നു. 'ദ് ഗാര്‍ഡിയന്' നല്‍കിയ അഭിമുഖത്തിലാണ് ഹോര്‍മുസ് തുറക്കാന്‍ ട്രംപിന് സാധിക്കില്ലെന്നും യാതൊരു തയാറെടുപ്പും നടത്താതെയുള്ള യുദ്ധത്തിലേക്കാണ് അമേരിക്ക ഇറങ്ങിപ്പുറപ്പെട്ടതെന്നും പനേറ്റ വെളിപ്പെടുത്തുന്നത്. ഒസാമ ബിന്‍ലാദനെ വധിച്ച ഓപ്പറേഷന്‍ തലവനായിരുന്നു പനേറ്റ. ബറാക് ഒബാമയുടെ ഭരണകാലത്ത് പെന്‍റഗണിന്‍റെ ചുമതലയും പനേറ്റയ്ക്കായിരുന്നു.
'സുരക്ഷാസമിതിയില്‍ ഓരോ യോഗത്തിലും ഇറാന്‍ വിഷയം കടന്നുവരാറുണ്ടായിരുന്നു. പക്ഷേ അത് കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നത് കൊണ്ടാണ് ആ വിഷയത്തിലേക്ക് കടക്കാതിരുന്നത്' പനേറ്റ പറയുന്നു. ഖമനയിയെ വധിച്ചതോടെ അമേരിക്ക യുദ്ധം കൊണ്ട് ഉദ്ദേശിച്ചതിന്‍റെ വിപരീതമാണ് സംഭവിച്ചതെന്നും പനേറ്റ വിലയിരുത്തുന്നു. ഖമനയിയോട് ചര്‍ച്ചയെങ്കിലും സാധ്യമായിരുന്നുവെന്നും എന്നാല്‍ തനി യാഥാസ്ഥിതികനും കടുപ്പക്കാരനുമായ മുജ്തബയോട് അത് സാധ്യമല്ലെന്നുമാണ് പനേറ്റ വ്യക്തമാക്കുന്നത്.
നാറ്റോ രാജ്യങ്ങള്‍ പോലും ട്രംപിനെ അനുകൂലിക്കാത്തത് ഇതുകൊണ്ടാണെന്നും സഖ്യരാജ്യങ്ങള്‍ പോലും ട്രംപിനെ ഒരു ബാധ്യതയായി കാണുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ട്രംപ് ഒറ്റപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'നാറ്റോ കടലാസ് പുലിയാണെന്നും അംഗരാജ്യങ്ങള്‍ ഭീരുക്കളാണെന്നും' ട്രംപ് പറഞ്ഞതും വിനയായെന്നും നാറ്റോയിലെ ഒരു പ്രബല രാജ്യം പോലും ട്രംപ് ആവശ്യപ്പെട്ടിട്ടും ഹോര്‍മുസിലേക്ക് സൈന്യത്തെ അയയ്ക്കാതിരുന്നത് ഇതിന് തെളിവാണെന്നും പനേറ്റ വിശദീകരിക്കുന്നു. സഖ്യകക്ഷികളോട് പോലും ആലോചിക്കാതെയാണ് ട്രംപ് യുദ്ധം ആരംഭിച്ചത്. താന്‍ മുന്നില്‍ നിന്നാല്‍ സഖ്യകക്ഷികളെത്തുമെന്ന് ട്രംപ് ധരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഫെബ്രുവരി 28ന് പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ അമേരിക്കയും ഇസ്രയേലും വ്യോമാക്രമണത്തിലൂടെ വധിച്ചതോടെയാണ് ലോകവ്യാപാരത്തിന്‍റെ ജീവനാഡിയായ ഹോര്‍മുസില്‍ ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. നാമമാത്രമായ കപ്പലുകള്‍ മാത്രമാണ് നിലവില്‍ ഹോര്‍മുസ് കടന്ന് പോകുന്നത്. ശത്രുക്കള്‍ക്ക് ഹോര്‍മുസിലൂടെ സഞ്ചരിക്കാന്‍ അനുവാദമില്ലെന്നും അല്ലാത്തവര്‍ക്ക് കടന്ന് പോകാമെന്നുമാണ് ഇറാന്‍റെ നിലപാട്. ലോകത്തെ ഇന്ധന വ്യാപാരത്തിന്‍റെ അഞ്ചിലൊന്നും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്ന് പോകുന്നത്. പ്രതിസന്ധി ഉടലെടുത്തതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും പ്രകൃതി വാതകത്തിന്‍റെ വിലയും അനിയന്ത്രിതമായി ഉയരുകയാണ്.
48 മണിക്കൂറിനകം ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജപ്ലാന്‍റുകളെ നാമാവശേഷമാക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. എന്നാല്‍ ഊര്‍ജപ്ലാന്‍റുകളെ തൊട്ടാല്‍ ഹോര്‍മുസ് പൂര്‍ണമായി അടയ്ക്കുമെന്നും ഗള്‍ഫ് രാജ്യങ്ങളിലെ കുടിവെള്ളം മുട്ടിക്കുമെന്നും ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാലാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടും യുദ്ധം രൂക്ഷമായി തുടരുകയാണ്.