കണ്ണുകൊണ്ടു കാണുന്നതല്ല ഇറാന്‍. ശത്രുക്കളെന്നല്ല മിത്രങ്ങള്‍ പോലൂം കാണാത്തൊരു ഇറാന്‍ ഇറാനുള്ളിലുണ്ട് അതാണ് ഇസ്ലാമിക് റിപ്പബ്ളിക്കിന്‍റെ പ്രതിരോധ ദുര്‍ഗമായ മിസൈല്‍ സിറ്റികള്‍. അമേരിക്കയുടേയും ഇസ്രയേലിന്‍റെയും ഉറക്കം കെടുത്തുന്ന ഈ ഉരുക്ക് കോട്ടകളത്രയും ഭൂഗര്‍ഭത്തിലാണ്. ഭൗമോപരിതലത്തില്‍ നിന്ന് നൂറുമീറ്ററിലേറെ ആഴത്തിലാണ് തുരങ്കസമാനമായ നിര്‍മിതികള്‍. ബാലിസ്റ്റിക് മിസൈലുകളടക്കം തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇറാന്‍ സംഭരിച്ചിരിക്കുന്നത് ഈ രഹസ്യ അറകളിലാണ്. അവയില്‍ പലതിന്‍റെയും പ്രഹരശേഷി ശത്രുക്കള്‍ക്ക് ഇപ്പോഴും അജ്ഞാതം. ഭൂമിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന ഈ പടക്കോപ്പുകള്‍ക്ക് യുദ്ധത്തിന്‍റെ ഗതി പോലും മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് ചുരുക്കം.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സാണ് ഈ ഭൂഗർഭ മിസൈൽ സിറ്റികൾ നിര്‍മിച്ചത്. വര്‍ഷങ്ങളെടുത്തു പര്‍വതങ്ങള്‍ക്കടിയില്‍ ഇത്തരത്തില്‍ വന്‍ടണല്‍ നെറ്റ് വര്‍ക്ക് പൂര്‍ത്തീകരിക്കാന്‍. 30 മുതൽ 500 മീറ്റർ വരെ ആഴത്തിലാണ് നിര്‍മാണം. 6 മുതൽ 12 മീറ്റർ വരെ വീതി. രാജ്യത്തുടനീളം വിവിധഭാഗങ്ങളിലായി 14 ടണലുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ വെറും ടണലുകള്‍ മാത്രമല്ല. മിസൈൽ ലോഞ്ച് സംവിധാനങ്ങളും, കമാൻഡ് സെന്ററുകളും, ആയുധ സംഭരണ കേന്ദ്രങ്ങളും ടണലുകളുടെ പ്രത്യേകതയാണ്. ഉരുക്കിനു തുല്യമായ രീതിയില്‍ പൂര്‍ത്തീകരിച്ചതാണ് ടണലുകളുടെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തികള്‍. മിസൈല്‍ ലോഞ്ചര്‍ ട്രക്കുകള്‍ക്കും മറ്റും സഞ്ചരിക്കാന്‍ സാധിക്കുന്ന വഴികള്‍ ടണലിലുണ്ട്. പലയിടങ്ങളിലേക്കും എത്താനുള്ള ഒട്ടേറെ പ്രവേശനകവാടങ്ങള്‍ മറ്റൊരു പ്രത്യേകതയാണ്. ഒരു കവാടം തകര്‍ത്താലും മറ്റ് കവാടങ്ങളിലൂടെ ഉള്ളിലേക്ക് പ്രവേശിക്കാനാകും. ചില ടണലുകൾ നേരിട്ട് മിസൈൽ ലോഞ്ച് പ്ലാറ്റ്ഫോമുകളിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ടണലിന് ഉള്‍വശത്ത് വൈദ്യുതി, വായു ശുദ്ധീകരണ സംവിധാനം, ആശയവിനിമയ സംവിധാനം തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സൈനികര്‍ക്ക് എത്രകാലം വേണമെങ്കിലും ബങ്കറിനകത്ത് ജീവിക്കാന്‍ സാധിക്കുമെന്നു സാരം
ഇറാന്‍റെ ഈ ഭൂഗര്‍ഭ അറകളെ ആക്രമിക്കുന്നത് എളുപ്പമല്ല. അത്ര സങ്കീര്‍ണമായ വിധത്തിലാണ് ഇവയുടെ നിര്‍മാണം. ശത്രുവിന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്ന വിധത്തില്‍ ഏതു സമയത്തും ഏതു ദിശയിലേക്കും ടണലുകളില്‍ നിന്ന് മിസൈലുകള്‍ തൊടുക്കാന്‍ ഇറാന്‍ സൈന്യത്തിന് സാധിക്കും. ഭൂമിയുടെ അടിയില്‍ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യ അറകളെ ഇസ്രയേലും അമേരിക്കയും പേടിക്കുന്നതിന്‍റെ കാരണവും ഇതു തന്നെ.
ഇറാന്‍റെ ഉന്നത സേനാമേധാവികള്‍ യുദ്ധതന്ത്രം മെനയുന്നത് ഇത്തരം ബങ്കറുകളില്‍ ഇരുന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. സുരക്ഷിതമായ ഈ അറകള്‍ ഇറാന്‍ പ്രതിരോധത്തിന്റെ നട്ടെല്ല് കൂടിയാണ്. ഈ കോണ്‍ക്രീറ്റ് കോട്ടകളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ബോംബുകള്‍ കൈവശമുണ്ടെന്ന് യുഎസും ഇസ്രയേലും അവകാശപ്പെടുന്നുണ്ടെങ്കിലും അതെല്ലാം ഇറാന്‍ പുച്ഛത്തോടെ തള്ളുന്നു. ആയുധക്കലവറയുടെ ഭൂഗര്‍ഭദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തു വിട്ടാണ് ഇറാന്‍ എതിരാളികളെ വെല്ലുവിളിച്ചത്.
എത്ര ശക്തമായ വ്യേമാക്രമണങ്ങളേയും അതിജീവിക്കും വിധമാണ് ബങ്കറുടെ നിര്‍മാണമെന്ന് ഇറാന്‍ അവകാശപ്പെടുന്നു. കരയുദ്ധത്തിന് തയ്യാറെടുക്കുന്ന അമേരിക്കയെ നേരിടാന്‍ ഇറാന്‍റെ ഭൂഗര്‍ഭ അറകളില്‍ എന്തായിരിക്കും കരുതിയിരിക്കുന്നത്? കാത്തിരുന്ന് കാണാം.