മാസങ്ങള്‍ക്ക് ശേഷമാണ് പശ്ചിമേഷ്യയില്‍ സമാധാനം പുലരുകയാണ്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനും ഒപ്പിട്ടതോടെ യുഎസ്– ഇറാന്‍ സമാധാന കരാര്‍ പ്രാബല്യത്തിലായി. യുഎസ് നയത്തെ ലോകമാകമാനം സ്വാഗതം ചെയ്തപ്പോള്‍ എതിര്‍പ്പുമായി മുന്നോട്ടുവന്നത് ഇസ്രായേല്‍ മാത്രമായിരുന്നു. ട്രംപിനെതിരെ പ്രതിഷേധം തുറന്നുവിട്ടായിരുന്നു ഇസ്രായേലി നേതാക്കളും രംഗത്തുവന്നത്. ഇപ്പോഴിതാ ഇസ്രായേലിന് വ്യക്തമായ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സ്. എല്ലാ പ്രശ്നങ്ങളും യുദ്ധത്തിലൂടെ പരിഹരിക്കാനാവില്ലെന്ന് വാന്‍സ് തുറന്നടിച്ചു.
ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വാന്‍സ് പുതുക്കിയ യുഎസ് നിലപാടും അഭിപ്രായവുമായി രംഗത്തുവന്നത്. എല്ലാ ദേശീയസുരക്ഷാ പ്രശ്നത്തില്‍ നിന്നും കൊന്ന് കരകയറാനാവില്ലെന്നായിരുന്നു ഇസ്രായേലിനെക്കുറിച്ച് വാന്‍സ് പറഞ്ഞത്. ഇസ്രായേലി നേതാക്കളോട് യുദ്ധത്തിന് പകരം അമേരിക്കയുടേത് പോലെ നയതന്ത്ര ശ്രമങ്ങള്‍ നടത്തി മുന്നേറാനും വാന്‍സ് ആവശ്യപ്പെട്ടു.
യുദ്ധത്തില്‍ സജീവ പങ്കാളികളായിരുന്ന ഇസ്രയേല്‍ ഇറാനുമായുള്ള കരാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കുകയോ ചെയ്തിട്ടില്ല. ഒപ്പിടാത്ത, ഒരു തരത്തിലും നേരിട്ട് ഭാഗമാകാത്ത ഒരു കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇസ്രയേലിന് ബാധ്യതയില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ യുദ്ധത്തിന്‍റെ ഭാവിയെന്താകുമെന്നതില്‍ ആശങ്കയുണ്ട്. ലബനനില്‍ ഹിസ്ബുല്ലയ്ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. യുഎസ് ഇസ്രയേലിനോട് ആവശ്യപ്പെട്ട് ആ യുദ്ധം അവസാനിപ്പിക്കണം എന്നാണ് ഇറാന്‍റെ നിലപാട്. പക്ഷേ, ഒരു പരിധിക്കപ്പുറം നെതന്യാഹു അതിന് ചെവികൊള്ളുമോ എന്നതും നിലവില്‍ ഉത്തരമില്ലാത്ത ചോദ്യമാണ്.
ഹിസ്ബുല്ല നടത്തുന്ന ചെറിയ ആക്രമണശ്രമങ്ങള്‍ക്കുപോലും കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ചുവന്നിരുന്ന നിലപാട്. സോഫ്റ്റ് ടച്ച് മതിയാകുമെന്ന് ട്രംപിന് പോലും നെതന്യാഹുവിനോട് പറയേണ്ട അവസ്ഥ വന്നു. പക്ഷേ, കഴിഞ്ഞദിവസങ്ങളില്‍ ട്രംപ് പറഞ്ഞിട്ടും കേള്‍ക്കാതെയാണ് തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ രൂക്ഷമായ ആക്രമണം നടത്തിയത്. ഇതോടെ ഇസ്രായേല്‍ അമേരിക്കയുടെ നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.