ഇറാനെതിരായ യുഎസ്- ഇസ്രയേൽ യുദ്ധത്തിന്റെ പേരിൽ പ്രതിഷേധമുയര്‍ത്തി രാജിവച്ച് യുഎസിന്‍റെ നാഷനൽ കൗണ്ടർ ടെററിസം സെന്റർ (എൻസിടിസി) ഡയറക്ടർ ജോസഫ് കെന്റ്. ഇറാൻ യുഎസിന് ഭീഷണി അല്ലെന്നും ഇസ്രയേലിന്റെ സമ്മർദ്ദമാണ് ട്രംപിനെ യുദ്ധം ആരംഭിക്കാൻ പ്രേരിപ്പിച്ചതെന്നും കെന്റ് തന്റെ രാജി കത്തിൽ കുറിച്ചു. ഇറാനെതിരെയുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തന്‍റെ മനസാക്ഷിക്ക് കഴിയില്ലെന്നും കെന്‍റ് കുറിച്ചു. ഇറാനിലെ യുദ്ധം കാരണം രാജിവച്ച ട്രംപ് ഭരണകൂടത്തിലെ ആദ്യത്തെ പ്രധാന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്.

‘നമ്മുടെ രാജ്യത്തിന് ഇറാന്‍ ഒരു ഭീഷണിയുമല്ല. ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ എന്‍റെ മനസ്സാക്ഷിക്ക് പിന്തുണയ്ക്കാൻ കഴിയില്ല. ഇസ്രയേലിന്റെയും അവരുടെ ശക്തമായ അമേരിക്കൻ ലോബിയുടെയും സമ്മർദ്ദം മൂലമാണ് നമ്മൾ ഈ യുദ്ധം ആരംഭിച്ചത്. മിഡിൽ ഈസ്റ്റിലെ യുദ്ധം അമേരിക്കയുടെ ജീവൻ കവരുകയും രാജ്യത്തിന്റെ സമ്പത്ത് നശിപ്പിക്കുകയും മാത്രമേ ചെയ്യുള്ളൂ എന്ന് 2025 ജൂൺ വരെ ട്രംപിന് അറിയാമായിരുന്നു. ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരും അമേരിക്കൻ മാധ്യമങ്ങളിലെ 'സ്വാധീനമുള്ള അംഗങ്ങളും' യുദ്ധത്തെ പ്രോത്സാഹിപ്പിച്ചു. ഇതിനായി ബോധപൂർവ്വം യുദ്ധത്തെ അനുകൂലിച്ചുള്ള വാദങ്ങൾ പ്രചരിപ്പിച്ചതായും കെന്‍റ് പറഞ്ഞു. അമേരിക്കൻ ജനതയ്ക്ക് ഒരു പ്രയോജനവും നൽകാത്ത, ഇസ്രയേൽ നിർമ്മിച്ച യുദ്ധം എന്നാണ് അദ്ദേഹം യുദ്ധത്തെ വിശേഷിപ്പിച്ചത്.

നിലവിലെ സംഘർഷവും 2003 ലെ ഇറാഖ് യുദ്ധവും തമ്മിലുള്ള സമാനതകളും കെന്‍റ് ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ ഉദ്യോഗസ്ഥർ യുഎസിനെ വിനാശകരമായ ഇറാഖ് യുദ്ധത്തിലേക്ക് ആകർഷിക്കാൻ തെറ്റായ പ്രചാരണങ്ങള്‍ ഉപയോഗിച്ചുവെന്നും ഇപ്പോൾ ഇറാനുമായി യുദ്ധത്തിന് പ്രേരിപ്പിക്കാൻ അതേ തന്ത്രങ്ങൾ ഉപയോഗിക്കുകയാണെന്നും കെന്റ് ആരോപിച്ചു. യുദ്ധത്തെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ട്രംപിനോട് ആവശ്യപ്പെടുന്നുണ്ട്. ‘ഇറാനിൽ നമ്മൾ എന്താണ് ചെയ്യുന്നതെന്നും ആർക്കുവേണ്ടിയാണ് അത് ചെയ്യുന്നതെന്നും നിങ്ങൾ ചിന്തിക്കണം. ധീരമായ നടപടിയെടുക്കേണ്ട സമയമാണിത്. നിങ്ങൾക്ക് നമ്മുടെ രാജ്യത്തിനായി ഒരു പുതിയ വഴി കണ്ടെത്താനാകും അല്ലെങ്കില്‍ തകർച്ചയിലേക്ക് നയിക്കാനുമാകും’ കെന്‍റ് എഴുതി.

യുഎസിലെ രഹസ്യാന്വേഷണ വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ഏജൻസിയാണ് നാഷനൽ കൗണ്ടർ ടെററിസം സെന്റർ. ഭീകരവാദ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്യുകയും അവ തടയുന്നതിനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിനു കീഴിൽ 2025 ജൂലൈയിലാണ് 79 കാരനായ ജോ കെന്റ് എൻസിടിസി ഡയറക്ടറായി ചുമതലയേറ്റത്. ഇതിനുമുമ്പ് അദ്ദേഹം ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവർത്തിച്ചിരുന്നു. 

ENGLISH SUMMARY:

National Counter Terrorism Center (NCTC) Director Joseph Kent resigned from the Trump administration, protesting the US-Israel war against Iran. In a scathing resignation letter, Kent claimed Iran poses no threat to the US and accused Israeli lobbies of pushing America into a conflict similar to the 2003 Iraq war. Kent, a former Chief of Staff to Tulsi Gabbard, warned that the war would only drain American lives and wealth. Read the full details of this high-profile resignation.