Image Credit: LinkedIn/Saketh Sreenivasaiah
അമേരിക്കയിലെ സന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യ (22)യെ മരിച്ച നിലയില്‍ കണ്ടെത്തി. സന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 'കാണാതായ വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പ്രാദേശിക പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബത്തിന്‍റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മതിയായ എല്ലാ സഹായ സഹകരണങ്ങളും കോണ്‍സുലേറ്റിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും'- എന്നും കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച (ഫെബ്രുവരി 9) സാകേതിനെ കാണാതെയായത്. അന്നേ ദിവസമാണ് സാകേത് വീട്ടിലേക്ക് അവസാനമായി വിളിച്ച് സംസാരിച്ചതും. രണ്ട് മൂന്ന് ദിവസമായിട്ടും മകനെ കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ഫെബ്രുവരി 13നാണ് സാകേതിന്‍റെ മാതാപിതാക്കള്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുകയും ബെക്കേര്‍ലി പൊലീസില്‍ ഔദ്യോഗികമായി പരാതി റജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. സുഹൃത്തുക്കളും ഒപ്പം താമസിക്കുന്നവരും സാകേത് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരഞ്ഞുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഡക്ട് ഡവലപ്മെന്‍റ് പ്രോഗാമില്‍ എംഎസ് വിദ്യാര്‍ഥിയായിരുന്നു സാകേത്. ഐഐടി മദ്രാസില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയ ശേഷമാണ് സാകേത് യുഎസില്‍ എത്തിയത്. അതേസമയം സാകേത് എങ്ങനെയാണ് മരിച്ചതെന്നോ എന്താണ് മരണകാരണമെന്നോ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. സാകേതിന്‍റെ ലാപ്ടോപും ബാക്പാക്കും റൂമില്‍ നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു.