ഇറാനുമായുള്ള ആണവ കരാറിനാണ് നിലവിലെ സാഹചര്യത്തില്‍ മുന്‍ഗണനയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയെന്നും നിര്‍ണായകമായ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒരു കരാറിലെത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്ന് ആവശ്യപ്പെട്ടതായി ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
കരാറിലെത്തിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാനുള്ള മുന്നറിയിപ്പ് ട്രംപ് ആവര്‍ത്തിച്ചു. ഗാസയിലെ പുരോഗതിയെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും മധ്യേഷ്യയില്‍ സമാധാനം തുടരുന്നതായും ട്രംപ് വ്യക്തമാക്കി. ഗാസയുടെ പുനര്‍നിര്‍മാണം ആരംഭിക്കും മുന്‍പ് ഹമാസ് പൂര്‍ണമായും ആയുധം താഴെ വയ്ക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു.
മാധ്യമങ്ങളില്‍ നിന്നകന്ന് വൈറ്റ്ഹൗസിന്റെ മറ്റൊരു വാതിലിലൂടെയാണ് നെതന്യാഹു അകത്തേക്ക് പോയത്. ചര്‍ച്ച രണ്ടരമണിക്കൂറോളം നീണ്ടു. ട്രംപിനെ കാണുംമുന്‍പ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തി.