കൊല്ലം അഞ്ചലില്‍ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു . വാളകം തെക്കേ അമ്പലക്കര സ്വദേശി അഹന്ന ബിനോയിയാണ് മരിച്ചത്. ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിന് മുന്നോടിയായുള്ള മോക്ക് ടെസ്റ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പിന്നാലെ കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം.
വീടിന് സമീപത്തുള്ള വാളകത്തെ സ്ഥാപനത്തിലായിരുന്നു ആദ്യം കരാട്ടെ പരിശീലനത്തിനായി പോയിരുന്നത്. പിന്നീട് ബ്ലാക്ക് ബെൽറ്റ് ടെസ്റ്റ് ആയതുകൊണ്ട് കൂടുതൽ സൗകര്യങ്ങളുള്ള കരാട്ടെ സ്ഥാപനത്തിലേക്ക് പരിശീലനത്തിനായി മാറ്റിയിരുന്നു. ഈ സ്ഥാപനത്തിൽ പരിശീലനം നടക്കുമ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതും കുഴഞ്ഞുവീണതും. സംഭവത്തിൽ അഞ്ചൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രാഥമിക നടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള കൂടുതൽ ശാസ്ത്രീയ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമാവുകയുള്ളൂ