കൊല്ലം കുടിക്കോട് ബന്ധു നൽകിയ കള്ളക്കേസിൽ കുരുങ്ങി മകന്റെ ഭാവി നഷ്ടമായെന്ന് ആരോപിച്ച് വയോധിക രംഗത്ത്. കുടിക്കോട് സ്വദേശി മഹിളാമണിയാണ് ബന്ധുവിന്റെ പരാതിയിൽ പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. കേസിൽ പ്രതിയായതോടെ മാനസിക സമ്മർദത്തിലായ മകൻ സിവിൽ സർവീസ് സ്വപ്നം ഉപേക്ഷിച്ചെന്നും മഹിളാമണി പറയുന്നുണ്ട്.
മഹിളാമണിയുടെ ഭർത്താവിന്റെ സഹോദര പുത്രിയാണ് പരാതിക്കാരി. മഹിളാമണിയും, ഭർത്താവ് ഗോപാലകൃഷ്ണനും, മകൻ അരുണും ചേർന്ന് യുവതിയ്ക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചു എന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ എഴുകോൺ പൊലീസ് കേസെടുത്തു. മൂവരെയും അറസ്റ്റ് ചെയ്തു. സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന മഹിളാമണിയുടെ മകൻ ഇതോടെ ആ സ്വപ്നം ഉപേക്ഷിച്ചു...... കേസ് കോടതികൾ കയറിയിറങ്ങി. ഒടുവിൽ മഹിളാമണി കുറ്റവിമുക്തയായി.
തെറ്റ് ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും എഴുകോൺ പൊലീസ് ഇത് ചെവിക്കൊണ്ടില്ലെന്നും മഹിളാമണി. മഹിളാമണിയെ കോടതി വെറുതെ വിട്ടെങ്കിലും മകൻ അരുണും , ഭർത്താവ് ഗോപാലകൃഷ്ണനും ഇപ്പോഴും പ്രതി പട്ടികയിൽ ഉണ്ട്. കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിവിൽ സർവീസ് മോഹം ഉപേക്ഷിച്ച് കേസ് നടത്തിപ്പിനു വേണ്ടി അഭിഭാഷകജോലി തെരഞ്ഞെടുത്ത മകൻ അരുൺ സുപ്രീംകോടതിയിൽ അഭിഭാഷകനാണ്.