കൊട്ടാരക്കരയിൽ മൊബൈല്‍ ടവറില്‍ അതിക്രമിച്ചു കയറി നെറ്റ്വര്‍ക്ക് തകരാറിലാക്കി യുവാവ്. ടവര്‍ കമ്പനികളുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് പുത്തൂര്‍ സ്വദേശി അരുണ്‍ എന്ന യുവാവിന്റെ അതിക്രമം. പ്രാദേശിക ഡിവൈഎഫ്ഐ നേതാവാണ് ഇയാള്‍. കഴിഞ്ഞ 31-ാം തീയതിയാണ് ഇയാള്‍ ടവറില്‍ കയറിയത്.
കൊട്ടാരക്കര പുത്തൂർ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇന്‍ഡസ് മൊബൈല്‍ ടവറിലാണ് അരുണ്‍ കയറിയത്. കൊട്ടാരക്കര ഭാഗത്തെയും പെരുങ്കുളം, നെടുവത്തൂർ, കോട്ടത്തല, ഗാന്ധിമുക്ക്, തൃക്കണ്ണമംഗലം എന്നിവിടങ്ങളിലെയും ടവറുകളിലെ കണക്ഷനാണ് ഇയാള്‍ ഓഫ് ചെയ്തത്. ഇതോടെ പ്രദേശത്താകെ നെറ്റ്വര്‍ക്ക് ഇല്ലാതെയായി.
സംഭവത്തില്‍ അരുണിനെതിരെ കൊട്ടാരക്കര പൊലീസ് കേസ് എടുത്തിട്ടുണ്ട്. നേരത്തെ കമ്പനിയില്‍ ഡീസല്‍ ഫില്‍ ചെയ്യുന്ന ജോലി ചെയ്തയാളായിരുന്നു അരുണ്‍. അതുമായി ബന്ധപ്പെട്ട് പണം മുഴുവനായും കിട്ടിയില്ലെന്ന വിരോധത്തിലാണ് അരുണ്‍ അതിക്രമം നടത്തിയത്. സംഭവത്തില്‍ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി. ഇതുകാണിച്ച് കമ്പനി കൊട്ടാരക്കര പൊലീസില്‍ നല്കിയ പരാതിയിലാണ് നടപടി.