അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ അധ്യാപകന്‍ ഡോക്ടര്‍ എം.കെ റാമിനെ കോളജില്‍ നിന്ന് പുറത്താക്കി. ഡെന്റല്‍ കോളജ് അനാട്ടമി വിഭാഗം അധ്യാപകനാണ് ഇദ്ദേഹം. 

 

നിതിന്റെ മരണത്തില്‍ ഡോക്ടർ റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. റാമിനെ കൂടാതെ മറ്റു രണ്ട് അധ്യാപകർക്കെതിരെയും വിദ്യാർത്ഥികൾ മാനേജ്മെന്റിന് പരാതി നൽകിയിട്ടുണ്ട്. മാനേജ്മെന്റിനും അധ്യാപകർക്കും എതിരെ രക്ഷിതാക്കളും രംഗത്തുവന്നു. കണ്ണൂർ എടക്കാടുള്ള ഡോക്ടർ റാമിന്റെ രണ്ടാമത്തെ ക്ലിനിക്കും ഡിവൈഎഫ്ഐ പൂട്ടിച്ചു.

 

Also Read: 'സ്റ്റാഫ് റൂമില്‍ വെച്ച് മകളെ വേയ്സ്റ്റെന്ന് വിളിച്ചു'; മാതാപിതാക്കളുടെ മുന്നിൽവെച്ചും അധിക്ഷേപം


അവധി കഴിഞ്ഞ് ക്യാംപസ് ഉണർന്നപ്പോൾ ബിഡിഎസ് വിദ്യാർത്ഥികൾക്ക് പുറമേ പാരാമെഡിക്കൽ, ബി ഫാം, നഴ്സിംഗ് വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തെത്തിയുരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പ്രതിഷേധ സൂചകമായി ബിഡിഎസ് വിദ്യാർഥികൾ വെളുത്ത കോട്ട് അഴിച്ചു. 

 

നിതിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും റാമിന് പുറമേ മറ്റു രണ്ട് അധ്യാപകരെയും പുറത്താക്കണമെന്നും സംഘടനാസ്വാതന്ത്ര്യം ക്യാംപസിൽ വേണമെന്നുമടക്കം 5 ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ മാനേജ്മെന്റിന് പരാതി നൽകി.  പ്രത്യേക മെയിൽ ഐഡി ഉണ്ടാക്കി വിദ്യാർത്ഥി യൂണിയൻ കൂടുതൽ പരാതികളും ശേഖരിച്ചു തുടങ്ങി. അധ്യാപകർക്ക് എതിരെ ഇതുവരെ ലഭിച്ചത് 150ലേറെ പരാതികളാണ്. തങ്ങൾക്കും ദുരനുഭവങ്ങൾ ഏറെയുണ്ടെന്ന് ചൂണ്ടിക്കാട്ടി  ഡെന്റൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും ആരോഗ്യ സർവകലാശാലയ്ക്ക് പരാതി നൽകി. 

 

ഇതിനിടെ ഡോക്ടർ റാമിനെതിരെ രക്ഷിതാക്കളും രംഗത്തുവന്നു. തന്റെ മുന്നിൽവച്ച് മകളെ ഡോക്ടർ റാം ‘വേസ്റ്റ്’ എന്നു വിളിച്ചതായി കോഴിക്കോട് സ്വദേശിയായ രക്ഷിതാവ് ഷാജി ആരോപിച്ചു. 

 

അതേസമയം കോളേജിലേക്ക് പട്ടികജാതി ക്ഷേമ സംരക്ഷണ സമിതിയും പ്രതിഷേധം നടത്തി. കണ്ണൂർ എടക്കാടുള്ള റാമിന്റെ മറ്റൊരു ക്ലിനിക്കിലേക്കും ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ എത്തി. ക്ലിനിക്കിന്റെ ബോർഡ് ഉൾപ്പെടെ പ്രവർത്തകർ നശിപ്പിച്ചു. റാമിന്റെ കോലം കത്തിച്ചു. പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. 

 

പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ കണ്ണൂർ കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗും പ്രതിഷേധ പ്രകടനവുമായി എത്തി.

ENGLISH SUMMARY:

Nithin Raj death case update reveals that accused professor MK Ram has been expelled from the dental college following widespread student protests. The expulsion comes after allegations of misconduct that led to the student's death, with further complaints filed against other faculty members and management.