കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാറാണ് മരിച്ചത്. മലപ്പുറത്ത് വണ്ടൂരില്‍ നാലുവയസുകാരിക്ക് സൂര്യാതപമേറ്റു. മുറ്റത്തു കളിക്കുന്നതിനിടെയാണ് സൂര്യാതപമേറ്റത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായതിനെ തുടര്‍ന്ന് വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. കോഴിക്കോട് നാദാപുരം വളയത്ത് അംഗന്‍വാടി അധ്യാപിക അനിലയ്ക്കും സൂര്യാതപമേറ്റു. അനിലയുടെ വലത്തേ കൈത്തണ്ടയിലാണ് പൊള്ളലേറ്റത്. തുടര്‍ന്ന് വളയം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികില്‍സ തേടി. തൂണേരിയിലെ അംഗന്‍വാടിയിലെ സഹായിക്കും കഴിഞ്ഞ ദിവസം സൂര്യാതപമേറ്റിരുന്നു.

അതിനിടെ സംസ്ഥാനത്ത് താപതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം,തൃശൂര്‍,പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചത്. എട്ടുജില്ലകളില്‍ യെലോ അലര്‍ടുമുണ്ട്. കേരളത്തിൽ ഇന്നും (23/04/2026) നാളെയും (24-04-2026) ഉയർന്ന താപനില പാലക്കാട് ജില്ലയിൽ  41 °C വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസര്‍കോഡ് ജില്ലകളിൽ 37 °C വരെയും  തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെയും മറ്റന്നാളും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ  40 °C വരെയും, കൊല്ലം ജില്ലയിൽ 39 °C, തൃശൂർ, കോട്ടയം ജില്ലകളിൽ 38 °C വരെയും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണം. പുറം ജോലിചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. കടുത്ത ചൂടുള്ള സമയത്ത്  ഇരുചക്രവാഹനങ്ങള്‍  ഉപയോഗിക്കരുത്.  നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം. എല്ലാ കെട്ടിടങ്ങളും വൈദ്യുതി ഓഡിറ്റ് നടത്തണം. കാട്ടുതീ ഉണ്ടാകാതെ മലയോര മേഖലയില്‍പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ENGLISH SUMMARY:

A young man named Sanal Kumar died of sunstroke in Kannur as Kerala faces a severe heatwave. Sunburn cases have been reported in Malappuram, where a 4-year-old was injured, and in Kozhikode, involving an Anganwadi teacher. The IMD has issued an Orange Alert for Palakkad, Kollam, and Thrissur, with temperatures expected to soar up to 41°C. Yellow alerts are active in eight other districts. Authorities have warned the public to avoid direct sunlight between 11 AM and 3 PM.