ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ നിലപാട് തുടര്‍ന്നാല്‍ ബംഗ്ലാദേശിനു നേരെ ഓപ്പറേഷന്‍ സിന്ദൂറിന് സമാനമായ സൈനിക നടപടി ഉണ്ടായേക്കാമെന്ന് പാക്ക് മാധ്യമപ്രവര്‍ത്തകനും നിരീക്ഷകനുമായ നജാം സേഥി. ബംഗ്ലാദേശില്‍ നിന്നുള്ള സമീപകാല പ്രസ്താവനകളെ ഇന്ത്യ അവഗണിക്കില്ലെന്നും നേരത്തെ പാക്കിസ്ഥാനോട് ചെയ്തതു പോലെ ഇന്ത്യയ്ക്ക് പ്രതികരിക്കാന്‍ സാധിക്കുമെന്നും സേഥി പറഞ്ഞു.
''വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അത് ചെയ്യും ഇത് ചെയ്യും എന്ന് ബംഗ്ലാദേശ് ഭീഷണിപ്പെടുത്തുകയാണ്. ഇന്ത്യ പാക്കിസ്ഥാനോട് ചെയ്തത് പോലെ എന്തെങ്കിലും ബംഗ്ലാദേശിനോട് ചെയ്യും. നരേന്ദ്രമോദി പിന്തുടരുന്ന കര്‍കശമായ നയം നോക്കുമ്പോള്‍ ഒഴിവാക്കി വിടുമെന്ന് തോന്നുന്നില്ല'' എന്നായിരുന്നു സേഥി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഷുമായി അടുത്ത ബന്ധമുള്ളയാളാണ് നജാം സേഥി.
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് പുറത്താക്കിയതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായത്. നിലവില്‍ ഇന്ത്യയിലാണ് ഹസീന അഭയം തേടിയിട്ടുള്ളത്. തുടര്‍ന്ന് ഇടക്കാല സര്‍ക്കാറിനെ നയിക്കുന്ന മുഹമ്മദ് യുനസ് അടക്കം പലതവണ ഇന്ത്യയ്ക്ക് എതിരെ ബംഗ്ലാദേശില്‍ നിന്നും പ്രസ്താവനകളുണ്ടായിരുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ കാവല്‍ക്കാര്‍ ബംഗ്ലാദേശ് ആണെന്ന് മുഹമ്മദ് യൂനുസ് ചൈനാസന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു. മേഖലയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ചൈനയെ ക്ഷണിക്കുന്നതായിരുന്നു യൂനിസിന്‍റെ വാക്കുകള്‍. നേരത്തേ യൂനിസിന്‍റെ അടുത്ത സഹായിയായ നഹിദുൽ ഇസ്ലാം, പശ്ചിമ ബംഗാൾ, ത്രിപുര, അസം എന്നിവിടങ്ങളിലെ ചില ഭാഗങ്ങൾ ബംഗ്ലാദേശിന്‍റെ ഭാഗമായി കാണിക്കുന്ന ഭൂപടം പങ്കുവെച്ചുകൊണ്ട് ‘ബൃഹദ് ബംഗ്ലാദേശ്’ എന്ന ആശയം മുന്നോട്ട് വെച്ചിരുന്നു.