പാക്ക് സൈന്യത്തെ അഭിവാദ്യം ചെയ്യുന്ന അസിം മുനീര്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും പ്രതിരോധത്തിന്‍റെ മാറ്റുരച്ച ഏറ്റുമുട്ടലായിരുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്ഥാനിലെ ഭീകരതാവളത്തിന് മാത്രമല്ല നന്ത്രപ്രധാനമായ സൈനികകേന്ദ്രങ്ങള്‍ക്കും കനത്തനാശമുണ്ടായി. ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി എന്ന നിലയ്ക്ക് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഓപ്പറേഷന്‍ ബുണ്‍യന്‍ ഉല്‍ മറാസു എന്നായിരുന്നു പേര്. എന്നാല്‍ പാക്കിസ്ഥാന്‍റെ ഈ ഓപ്പറേഷന്‍ അപ്പാടെ ഫ്ലോപ്പായിരുന്നെന്ന് തെളിയിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഫതാഹ് 1 മിസൈലുകള്‍ തൊടുത്തിരുന്നെന്ന് ഓപ്പറേഷന്‍റെ പ്രധാന ചുമതലമേധാവിയായ ഉദ്യോഗസ്ഥന്‍ പറയുന്ന വിഡിയോ ആണിത്. എന്നാല്‍ ആക്രമിച്ച സ്ഥലങ്ങള്‍ പറയുമ്പോഴാണ് തമാശ. രജൗരി മാമുന്‍ എയര്‍ബേസുകള്‍ ആക്രമിച്ചെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ രണ്ട് എയര്‍ബേസുകള്‍ ഇന്ത്യയിലില്ല.
കശ്മീരിലെ രജൗരിയില്‍ ഇന്ത്യന്‍ സേനയ്ക്ക് എയര്‍ബേസ് ഇല്ല. മാമുന്‍ ആകട്ടെ പഞ്ചാബ് പത്താന്‍കോട്ടിന് സമീപമുള്ള ഒരു സൈനിക കാംപ് മാത്രമാണ്. ഇരു ആക്രമണങ്ങളും വന്‍വിജയമാണെന്ന് ഉദ്യോഗസ്ഥന്‍ പറയുമ്പോള്‍ ഏതാക്രമണം എന്ന സംശയമാണ് ഉടലെടുക്കുന്നത്.
വിഡിയോ വൈറലായതോടെ പാക്കിസ്ഥാനെ കളിയാക്കി നിരവധി ട്രോളുകളും കമന്‍റുകളും ആണ് ഉയര്‍ന്നുവരുന്നത്. രജൗരിയിലെ എയര്‍ബേസ് കണ്ടെത്താന്‍ ആര്‍ക്കിയോളജിസ്റ്റുകളും ഗൂഗിള്‍ മാപ്പ്സും തിരയുകയാണെന്ന് ഒരു കമന്‍റ് വന്നു. പണ്ട് ഒരോ ഗ്രാമങ്ങളില്‍ പൊട്ടാത്ത പാക്കിസ്ഥാന്‍ മിസൈലുകള്‍ വന്നുവീണതിന് പിന്നില്‍ ഇതായിരുന്നല്ലേ എന്നായി മറ്റൊരു കമന്‍റ്.