മൂന്നുദിവസമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന ബലൂചിസ്ഥാനില്‍ വിമതരെ നേരിടാന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ സൈന്യം. ആക്രമണങ്ങളില്‍ ഇതുവരെ 58 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ ഹെറോഫില്‍ പാക് സൈന്യത്തിനും പൊലീസിനും കനത്ത നാശമുണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളും പൊലീസ് സ്റ്റേഷനും വരെ ബി.എല്‍.എ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായാണ് സൈന്യം കനത്ത പ്രത്യാക്രമണം നടത്തിയത്.
ബലൂചിസ്ഥാനില്‍ കൊല്ലപ്പെട്ട പാക് പട്ടാളക്കാരന്‍റെ ബന്ധുക്കളുടെ വിലാപം
ഒട്ടേറെ സ്ഥലങ്ങളില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 197 വിമതര്‍ കൊല്ലപ്പെട്ടെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന വിവരം. നുഷ്കി ഉള്‍പ്പെടെയുള്ള ബലൂച് പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ടെന്നും പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ഹെലികോപ്റ്ററുകളും ഡ്രോണുകളുടെ ഉപയോഗിച്ചുള്ള ആക്രമണം സ്ഥിരീകരിക്കാന്‍ പാക് ആഭ്യന്തര മന്ത്രാലയമോ പ്രതിരോധമന്ത്രാലയമോ തയാറായില്ല. Read more: തിരിച്ചടി സമ്മതിച്ച് പാക് സര്‍ക്കാര്‍
കൂടുതല്‍ സ്വയംഭരണാവകാശവും ബലൂചിസ്ഥാനിലെ അമൂല്യധാതുക്കളില്‍ നിന്നുള്ള വരുമാനത്തിന്‍റെ പങ്കും ആവശ്യപ്പെട്ടാണ് ബലൂച് ജനത കാലങ്ങളായി പോരാടുന്നത്. അതിന് സായുധനേതൃത്വം നല്‍കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ പാക്കിസ്ഥാനും അമേരിക്കയും ചൈനയുമടക്കം ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ നടത്തിവന്ന ബിഎല്‍എ ശനിയാഴ്ച ആസൂത്രിതവും അതിവിപുലവുമായ ആക്രമണമാണ് സൈനിക പോസ്റ്റുകള്‍ക്കും പൊലീസ് പോസ്റ്റുകള്‍ക്കും നേരെ ഒരേസമയം നടത്തിയത്. വനിതാ ചാവേറുകളടക്കം ആക്രമണത്തിന്‍റെ ഭാഗമായി. നുഷ്കി, പസ്നി എന്നിവിടങ്ങളിലാണ് ചാവേര്‍ ആക്രമണം നടന്നത്. 280 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് ബിഎല്‍എ അവകാശപ്പെട്ടു.
ഓപ്പറേഷന്‍ ഹെറോഫ് രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് ബിഎല്‍എ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പാക്കിസ്ഥാന്‍ സൈന്യം അതീവജാഗ്രതയിലും മുന്നൊരുക്കത്തിലുമാണ്. പാക്കിസ്ഥാന്‍റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍. ഏറ്റവും വലിയ ഈ പ്രവിശ്യയാണ് പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്രമായ പ്രദേശവും. മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ജനസംഖ്യ കുറവാണെങ്കിലും ബലൂചിസ്ഥാന്‍റെ വലിപ്പമാണ് പാക് സൈന്യത്തിനും തലവേദനയാകുന്നത്. ഇറാനുമായും അഫ്ഗാനുമായും അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാനില്‍ ചൈനയ്ക്ക് വന്‍ നിക്ഷേപമുണ്ട്. ചൈന നിര്‍മിക്കുന്ന ഗ്വാദര്‍ തുറമുഖവും ഇവിടെയാണ്.