പത്ത് വർഷത്തിനിടെ പാകിസ്ഥാനിൽ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ പങ്കെടുത്ത വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആർമി. ശനിയാഴ്ച ബലൂചിസ്ഥാനിൽ പലയിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിൽ 120ഓളം പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ വനിതാ ചാവേറുകൾ പങ്കെടുത്തതായി ബിഎൽഎ നേരത്തെ വിശദമാക്കിയിരുന്നു. 140ഓളം വിഘടനവാദികളെ കീഴ്പ്പെടുത്തിയതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബഗ്തി പറഞ്ഞു.
ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയാണ് യുവതികളിൽ ഒരാളെന്ന് നിരോധിതസംഘടനയായ ബിഎൽഎ പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നു. 24 കാരിയായ ആസിഫ മെംഗൽ തന്റെ 21-ാം ജന്മദിനത്തിൽ ബിഎൽഎയുടെയുടെ മജീദ് ബ്രിഗേഡിൽ ചേർന്ന 2024 ജനുവരിയിൽ ചാവേർ ആകാൻ തീരുമാനിച്ചതായും ശനിയാഴ്ച നുഷ്കിയിൽ ഐഎസ്ഐ ആസ്ഥാനം ലക്ഷ്യമിട്ടത് അവരായിരുന്നു എന്നും ബിഎൽഎ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ബിഎൽഎ പുറത്തുവിട്ട ചിത്രങ്ങളിലെ രണ്ട് യുവതികളും ആക്രമണത്തിനിടെ മരിച്ചതായാണ് റിപ്പോർട്ട്.
ആക്രമണത്തിൽ പങ്കെടുത്ത വനിതാ ചാവേറിന്റെ വിഡിയോയും ബിഎൽഎ പുറത്തുവിട്ടു. വീഡിയോയിൽ, പാക് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുന്നതായി കാണുന്നത് ഹവ ബലൂച് എന്നറിയപ്പെടുന്ന ബിഎൽഎ അംഗമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.