ഇറാനെതിരെ യുഎസ് ഉടന്‍ സൈനിക നടപടിയിലേക്ക് കടക്കുമെന്ന സൂചന നല്‍കി രാജ്യാന്തര മാധ്യമങ്ങള്‍. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖല വഴിയോ അറബിക്കടല്‍ വഴിയോ ആയിരിക്കും ട്രംപിന്‍റെ സൈനിക നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസ് നാവിക സേനയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കപ്പല്‍ ഇതിനായി എത്തിയിട്ടുണ്ടെന്നും ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകൾ സജ്ജമാക്കിയിട്ടുണ്ടെന്നുമാണ് സൂചനകള്‍. ദക്ഷിണ ചൈനാ കടല്‍ വഴി ഇന്ത്യൻ മഹാസമുദ്രത്തിലേക്കു കടന്ന വിമാനവാഹിനിക്കപ്പൽ വൈകാതെ അറബിക്കടലിൽ നങ്കൂരമിട്ടേക്കും.
പശ്ചിമേഷ്യയിലുടനീളം, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ പോലുള്ള രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ പശ്ചിമേഷ്യയിലുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് മേഖലയിലെ സൈനിക വിമാനത്താവളത്തിൽ ഈ വിമാനം ഇറങ്ങുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇറാനിലെ കലാപത്തിൽ നിന്നുള്ള മൊത്തത്തിലുള്ള മരണങ്ങളുടെ കൃത്യമായ ഔദ്യോഗിക കണക്കുകൾ ഇറാനിയൻ ഉദ്യോഗസ്ഥർ നൽകിയിട്ടില്ല. പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറഞ്ഞു. എന്നാല്‍ ഇതുവരെ കുറഞ്ഞത് 12,000 പേരെങ്കിലും മരിച്ചിരിക്കാമെന്നും ഒരുപക്ഷേ അത് 20,000 വരെയാകാമെന്നുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചെലവേറിയ യുദ്ധത്തിന് ട്രംപിന് താത്പര്യമില്ലെന്ന് സൂചനയുണ്ട്. അതിനാൽ വെനസ്വേലയിലെ പോലെ ഭരണമാറ്റത്തിന് വേണ്ട നടപടികളായിരിക്കും ട്രംപ് ഇറാനിൽ എടുക്കുക. ഖമനയിയെ പുറത്താക്കി ഭരണം റെസ പഹ്‌ലവിയെ ഏൽപ്പിക്കാനാണ് ട്രംപ് പദ്ധതിയിടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.