ആഗോള സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും ഗാസയുടെ സമാധാനപൂര്‍വമായ ഭരണത്തിനുമുള്ള സമാധാന സേനയിലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിക്ക് അയച്ച തുറന്ന കത്തിലൂടെയാണ് ക്ഷണം റദ്ദാക്കുന്നുവെന്ന് അറിയിച്ചത്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ കാര്‍ണി ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് നടപടി.
അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ നിലനില്‍ക്കുന്നതെന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. അതിന്‍റെ നന്ദി കാണിക്കണമെന്നും അടുത്ത തവണ ഇത്തരം പ്രസ്താവനകള്‍ യുഎസിനെതിരെ നടത്തുമ്പോള്‍ ഇക്കാര്യം ഓര്‍മ വേണമെന്നും കാര്‍ണിയെ പേരെടുത്ത് പറഞ്ഞ് ട്രംപ് വിമര്‍ശിച്ചു. സമിതിയില്‍ അംഗത്വം ലഭിക്കാന്‍ ഓരോ രാജ്യവും 100 കോടി സംഭാവനയായി നല്‍കണമെന്ന നിബന്ധന അംഗീകരിക്കില്ലെന്ന് കാനഡ നേരത്തേ അറിയിച്ചിരുന്നു.
പാക്കിസ്ഥാനും യുഎഇയും അര്‍ജന്റീനയും ഉള്‍പ്പെടെ 22 രാജ്യങ്ങള്‍ സമിതിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും മറുപടി നല്‍കിയിട്ടില്ല. സമിതി യാഥാര്‍ഥ്യമായാല്‍ കരുത്തുറ്റ തീരുമാനങ്ങള്‍ക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്രസഭയ്ക്കൊപ്പം ചേര്‍ന്നാകും സമിതിയുടെ പ്രവര്‍ത്തനമെന്നും ട്രംപ് വ്യക്തമാക്കി. ലോകനേതാക്കളെ ട്രംപ് സമിതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തല്‍ക്കാലം അംഗങ്ങളാകാനില്ലെന്നാണ് ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും തീരുമാനം. ചൈനയും റഷ്യയും നിലപാട് വ്യക്തമാക്കിയിട്ടില്ല.